
തിരുവനന്തപുരത്തെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സുധീർ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു. വഞ്ചിയൂർ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനാണ് ആന്റണി രാജു എത്തിയത്. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും വാർത്തയാകുന്ന കാലമാണെന്നും കൺവെൻഷൻ തുടങ്ങുന്നതിന് മുൻപുതന്നെ സുധീറിന് വേണ്ടി താൻ പ്രചാരണ വീഡിയോ ചെയ്തിരുന്നുവെന്നുമാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ആന്റണി രാജു പറഞ്ഞത്.
ഇടതുപക്ഷവുമായി അങ്ങനെ മുറിഞ്ഞുപോകുന്ന ബന്ധമല്ല ഉള്ളതെന്നും ആന്റണി രാജു പറഞ്ഞു. ഇടതുപക്ഷത്തോടൊപ്പം മാത്രമേ ജനാധിപത്യ കേരള കോൺഗ്രസ് മത്സരിച്ചിട്ടുള്ളൂ. 1996ൽ എം എം ഹസ്സനെ തോൽപ്പിച്ചുകൊണ്ടാണ് മണ്ഡലം എൽഡിഎഫിനായി താൻ പിടിച്ചെടുത്തത്. ഇതിനിടയ്ക്ക് പാർട്ടി യുഡിഎഫിലേക്ക് പോയപ്പോൾ താൻ മത്സരിച്ചില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെങ്കിൽ അത് എൽഡിഎഫിന് ഒപ്പം മാത്രമായിരിക്കുമെന്ന് തീരുമാനം എടുത്തിരുന്നു. കേരള കോൺഗ്രസ് രൂപം കൊണ്ടതുതന്നെ ഇടത് സ്വഭാവത്തിലാണെന്നും ആന്റണി രാജു പറഞ്ഞു.
വരും ദിവസങ്ങളിലെ കൺവെൻഷനുകളും താൻ ഉദ്ഘാടനം ചെയ്യുമെന്നും ആന്റണി രാജു പറഞ്ഞു. താൻ പങ്കെടുക്കില്ലെന്ന സംശയം ജനിപ്പിക്കേണ്ട. ചാനലുകൾ ചില കാര്യങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയാണ്. തന്നെ എല്ലാമെല്ലാം ആക്കിയത് പാർട്ടിയാണെന്നും സ്ഥാനാർത്ഥിത്വം അറിഞ്ഞപ്പോൾത്തന്നെ സുധീർ കരമന തന്നെ വിളിച്ചുവെന്നും ആൻ്റണി രാജു വ്യക്തമാക്കി.



