KeralaNews

‘നേഹ ബോറയെയല്ല, ഭദ്രകീർത്തിയെപ്പോലുള്ള മക്കളെ വളർത്തണം’; വിനീത് ശ്രീനിവാസന് ടി.പി. സെൻകുമാറിന്റെ തുറന്ന കത്ത്

ജന്തർ മന്തറിലെ സമരത്തിലൂടെ ശ്രദ്ധനേടിയ നേഹ ബോറയെപ്പോലെയുള്ള മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനേക്കാൾ ഭദ്രകീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനാണ് വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ ആഗ്രഹിക്കേണ്ടതെന്ന് മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ. വിനീത് ശ്രീനിവാസന് അയച്ച തുറന്ന കത്തിലാണ് സെൻകുമാർ ഇക്കാര്യം പറഞ്ഞത്. ചേരാനല്ലൂരിൽ 17 വയസ്സുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് കൊല്ലപ്പെട്ട യാത്രക്കാരൻ ജയപാലകൃഷ്ണന്റെ മകളാണ് ഭദ്രകീർത്തി. അച്ഛന്റെ മരണത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഭദ്രകീർത്തി പൊലീസ് സ്റ്റേഷനു മുന്നിൽ സമരം നടത്തിയിരുന്നു.

നേരത്തെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹി ജന്തർ മന്തറിൽ സമരം നടത്തി ശ്രദ്ധേയയായ നേഹ ബോറയുടെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ ഇൻസ്റ്റാഗ്രാമിൽ റീൽ പങ്കുവെച്ചിരുന്നു. തന്റെ മകൾ നേഹയെപ്പോലെ വളരണമെന്ന ആഗ്രഹമാണ് വിനീത് ആ പോസ്റ്റിലൂടെ പ്രകടിപ്പിച്ചത്. അവകാശങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യത്തോടെ വളരുന്ന ഒരു മകളെയാണ് തനിക്ക് ആവശ്യമെന്ന് വിനീത് റീലിൽ പറഞ്ഞിരുന്നു.

എന്നാൽ, നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം, വിനീതും മറ്റെല്ലാവരും ഭദ്രകീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനായിരിക്കണം ആഗ്രഹിക്കേണ്ടതെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കത്തിൽ സെൻകുമാർ കുറിച്ചു. നാരീശക്തി അതിന്റെ ഏറ്റവും മഹത്തായ രൂപത്തിലാണ് ഭദ്രയിലുള്ളതെന്നും അവളെ ഓർത്ത് വലിയ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വേദനാജനകമായ സാഹചര്യത്തിൽ, പ്രിയപ്പെട്ട പിതാവ് വിടപറഞ്ഞ ആ ദുരിതഘട്ടത്തിലും നീതിക്കായി ഭദ്ര കാണിച്ച ധൈര്യവും ഉറച്ച നിലപാടും പോരാട്ടവീര്യവും ഏറെ ഹൃദയസ്പർശിയും പ്രചോദനാത്മകവുമാണ്. ഇന്നത്തെ യുവതലമുറ മാതൃകയാക്കേണ്ട ഒന്നാണ് ഭദ്രയുടെ ഈ അചഞ്ചലമായ മനക്കരുത്ത്. കുടുംബത്തിന്റെ ഏക ആശ്രയവും അന്നദാതാവുമായിരുന്ന അച്ഛനെ നഷ്ടപ്പെട്ട ഭദ്രയ്ക്ക് ഇനി അദ്ദേഹത്തിന്റെ സാന്നിധ്യവും പിന്തുണയുമില്ലാതെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടേണ്ടിവരും. ഈ ധീരയായ മകളെ ചേർത്തുപിടിക്കാനും അവൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകാനും സമൂഹത്തിന് കൂട്ടായ ഉത്തരവാദിത്വമുണ്ട്.

നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ അവളോടൊപ്പം നിൽക്കാനും അന്തസ്സോടെ ജീവിതം പുനർനിർമിക്കാൻ അവളെ സഹായിക്കാനും നമുക്ക് കഴിയണം. ഭദ്രയുടെ ധൈര്യവും ഉറച്ച നിലപാടുകളും ആത്മവിശ്വാസവും ഇനിയും എണ്ണമറ്റ ആളുകൾക്ക് പ്രചോദനമാകട്ടെയെന്നും നീതിക്കായുള്ള ഈ പോരാട്ടത്തിൽ സമൂഹം ഒപ്പമുണ്ടാകുമെന്നും സെൻകുമാർ കത്തിൽ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button