KeralaNews

നവംബർ 14 ന് സംസ്ഥാനം സഹകരണ വാരാഘോഷം സംഘടിപ്പിക്കും; മന്ത്രി എം ലിജു

സഹകരണ വാരാഘോഷം നിർത്തിയ കേന്ദ്ര നടപടി അപലപനീയമെന്ന് മന്ത്രി എം ലിജു. ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥമാണ് സഹകരണ വാരാഘോഷം സംഘടിപ്പിച്ചിരുന്നത്. നവംബർ 14 മുതൽ 20 വരെ, കഴിഞ്ഞ 72 വർഷമായി സഹകരണ വാരം ആഘോഷിക്കുന്നു. ഇനിമുതൽ സഹകരണ ആഘോഷം വേണ്ട എന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. എന്തായാലും നവംബർ 14 ന് സംസ്ഥാനം സഹകരണ വാരാഘോഷം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വാരാഘോഷം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി എം ലിജു പറഞ്ഞു.

ജനാധിപത്യ സമൂഹത്തിന്റെ നിര്‍മ്മിതിക്ക് അനിവാര്യമായ ഘടകമാണ് സഹകരണ മേഖലയെന്ന നെഹ്‌റുവിന്റെ കാഴ്ചപ്പാടിന്റെ ഫലം കൂടിയാണ് ഇന്ത്യയിൽ സഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ചതും രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചുപോരുന്നതും. എന്നാൽ, ചരിത്രത്തെയും ചരിത്രബിംബങ്ങളെയും മായ്ച്ചുകളയാനുള്ള മോദി സർക്കാരിന്റെ നിരന്തര ശ്രമങ്ങളുടെ തുടർച്ച കൂടിയാണ് ഇവിടെക്കാണുന്നത്. പേരുകളും ഓർമകളും നീക്കം ചെയ്താൽ അതുവഴി ചരിത്രഹത്യ നടത്താൻ കഴിയുമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്.

ചരിത്ര സ്മാരകങ്ങളുടെയും പുരാതന നഗരങ്ങളുടെയും ജനോപകാര പദ്ധതികളുടെയും പേരുകൾ മാറ്റിയും പാഠപുസ്തകങ്ങളിൽ തിരുത്തലുകൾ വരുത്തിയും തങ്ങൾക്കിഷ്ടമില്ലാത്തതൊക്കെ മായ്ച്ചുകളയാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യയുടെ ഡി.എൻ.എയിൽ ഉറച്ചുപോയ നെഹ്‌റു എന്ന പേരിനെയും ആ ഓർമകളെയും തിരസ്കരിക്കാനുള്ള നീക്കങ്ങളെ ജനാധിപത്യ സമൂഹം ചെറുത്തുതോൽപ്പിക്കും. ഒപ്പം, സഹകരണ പ്രസ്ഥാനത്തിന് നെഹ്റു നൽകിയ സംഭാവനകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും സഹകരണ മേഖലയുടെ ജനാധിപത്യ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button