NationalNews

‘SIR ഉൾപ്പെടെ എല്ലാ തീരുമാനങ്ങളും ഒറ്റക്കെട്ടായി’; ഭിന്നതയുണ്ടെന്ന വാർത്ത തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്ഐആർ) ഉൾപ്പെടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എടുത്ത എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നെന്ന് കമ്മിഷൻ വൃത്തങ്ങൾ. മുഖ്യ ഇലക്ഷൻ കമ്മിഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരും തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾക്കിടയിൽ ഭിന്നത ഉണ്ടായിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് കമ്മിഷന്റെ വിശദീകരണം. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും പലവട്ടം വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നുവെന്നാണ് നേരത്തേ പുറത്തുവന്ന വാർത്ത.

കഴിഞ്ഞ 10 മാസത്തിനിടെ വിവിധ തീരുമാനങ്ങളിലും ഉത്തരവുകളിലും സന്ധുവും ജോഷിയും കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പ് പ്രകടിപ്പിച്ചെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, കമ്മിഷന്റെ ആഭ്യന്തര ചർച്ചകളിൽ അംഗങ്ങൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും അന്തിമമായി കമ്മിഷൻ എടുക്കുന്ന തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ പറയുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കും മൂന്ന് അംഗങ്ങളുടെയും അംഗീകാരമുണ്ടായിരുന്നെന്നും കമ്മിഷൻ വ്യക്തമാക്കി.

2023-ലെ ചീഫ് ഇലക്ഷൻ കമ്മിഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മിഷണേഴ്‌സ് (അപ്പോയിന്റ്‌മെന്റ്, കണ്ടീഷൻസ് ഓഫ് സർവീസ് ആൻഡ് ടേം ഓഫ് ഓഫിസ്) നിയമത്തിലെ 18-ാം വകുപ്പും കമ്മിഷൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ എല്ലാ കാര്യങ്ങളും സാധ്യമായിടത്തോളം ഏകകണ്ഠമായി തീരുമാനിക്കണമെന്നാണ് 18(2) പറയുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ഭൂരിപക്ഷാഭിപ്രായം അനുസരിച്ചായിരിക്കും തീരുമാനമെടുക്കേണ്ടതെന്നും നിയമം വ്യക്തമാക്കുന്നു.

സന്ധുവും ജോഷിയും എതിർപ്പ് രേഖപ്പെടുത്തിയ വിഷയങ്ങളിൽ ഫോം 6-ലെ മാറ്റങ്ങൾ, തിരഞ്ഞെടുപ്പ് പട്ടികയുടെ ഡാറ്റാബേസിലേക്കുള്ള പ്രവേശനം, പശ്ചിമ ബംഗാളുമായി ബന്ധപ്പെട്ട അപ്പീലുകൾ, ഗോവയിലെ സോഫ്റ്റ്വെയർ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. വോട്ടറായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോം 6-ൽ കഴിഞ്ഞ എസ്ഐആറുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനം ഉൾപ്പെടുത്തിയതിലും ഇരുവരും എതിർപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐ.ടി. സംവിധാനങ്ങളുമായി ബന്ധപ്പെട്ട ജോലികളുടെ വിഭജനത്തിലെ മാറ്റങ്ങളിലും ആശങ്കകൾ ഉന്നയിച്ചതായി റിപ്പോർട്ടിലുണ്ട്.

വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി. വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. സ്വതന്ത്ര സ്ഥാപനത്തിലെ അംഗങ്ങൾക്ക് നീതിപൂർവം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമില്ലാതാകുകയോ അവരുടെ ആശങ്കകൾ പരിഗണിക്കപ്പെടാതിരിക്കുകയോ ചെയ്താൽ അത് ജനാധിപത്യത്തിന് ഗുരുതരമായ സാഹചര്യമാകുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. കോൺഗ്രസ് എംപി മനീഷ് തിവാരിയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button