KeralaNews

അധ്യാപകർക്ക് പ്രൈമറി ടീച്ചർ എജുക്കേഷൻ ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രം

ബി.എഡ്. ബിരുദയോഗ്യതയുള്ള പ്രൈമറി സ്കൂൾ അധ്യാപകർക്കായി പ്രൈമറി ടീച്ചർ എജുക്കേഷൻ (പി.ടി.ഇ.) ബ്രിഡ്ജ് കോഴ്‌സുമായി കേന്ദ്രസർക്കാർ. സർവീസിലുള്ള അധ്യാപകർക്കായുള്ള ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് വിദ്യാഭ്യാസമന്ത്രി പ്രൾഹാദ് ജോഷി പുറത്തിറക്കി. ബി.എഡ്. യോഗ്യതയുള്ള അധ്യാപകർക്ക് ഒന്നുമുതൽ അഞ്ചുവരെ പ്രൈമറിതലത്തിൽ പഠിപ്പിക്കാനുള്ള യോഗ്യതയ്ക്കായാണ് പി.ടി.ഇ. ബ്രിഡ്ജ് കോഴ്‌സ്.

ദേശീയ ഓപ്പൺ സ്കൂളിങ് ഇൻസ്റ്റിറ്റ്യൂട്ട് വഴിയാണ് കോഴ്‌സ് നടപ്പാക്കുക. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷന്റെ ചട്ടക്കൂടുപ്രകാരം രൂപകല്പന ചെയ്തിരിക്കുന്ന കോഴ്‌സിൽ തിയറിക്കുപുറമേ പ്രായോഗികപരിശീലനവും ഉൾപ്പെടുന്നുണ്ട്. പ്രധാനമായും 2018 ജൂൺ 18 മുതൽ 2023 ഓഗസ്റ്റ് 11 വരെ നിയമിക്കപ്പെട്ട ബി.എഡുകാരായ പ്രൈമറി സ്കൂൾ അധ്യാപകരെ ലക്ഷ്യമിട്ടാണ് ബ്രിഡ്ജ് കോഴ്‌സെന്ന് ദേശീയ ഓപ്പൺ സ്കൂളിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാഠ്യപദ്ധതിയിൽ പറയുന്നു.

ഇവരുടെ നിയമനം സംബന്ധിച്ച കേസിൽ പ്രൈമറിതല യോഗ്യതയ്ക്കായി ബ്രിഡ്ജ് കോഴ്‌സ് തുടങ്ങാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതുപ്രകാരമാണ് സർട്ടിഫിക്കറ്റ് കോഴ്‌സ് തയ്യാറാക്കിയത്. ദേശീയ ഓപ്പൺ സ്കൂളിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക ബ്രിഡ്ജ് കോഴ്‌സ് പോർട്ടലിൽ ഓൺലൈനായി കോഴ്‌സിൽ ചേരാം. കേരളത്തിൽനിന്ന് 176 പേരടക്കം 76,731 അധ്യാപകർ പുതിയ കോഴ്‌സിന് രജിസ്റ്റർചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button