KeralaNews

വി ഡി സവർക്കറെ ദേശസ്നേഹിയാക്കുന്നത് ആർഎസ്എസ്-ബിജെപി അജണ്ട: എം കെ മുനീർ

വി ഡി സവർക്കറെ ദേശസ്നേഹിയാക്കുന്നത് ആർഎസ്എസ്-ബിജെപി അജണ്ടയെന്ന് മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീർ. കാസർകോട് സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തോടായിരുന്നു എം കെ മുനീറിൻ്റെ പ്രതികരണം. അങ്ങനെ ഒരു ചോദ്യം വന്നെങ്കിൽ അത് പരിശോധിക്കണമെന്നും ഉത്തരവാദികൾ ആരെന്നും കണ്ടെത്തണമെന്നും എം കെ മുനീർ ആവശ്യപ്പെട്ടു. ഇന്ത്യയെ ശിഥിലീകരിക്കാൻ ശ്രമിച്ച ആളാണ് സവർക്കർ. ചോദ്യം വന്നത് വളരെ ഗൗരവത്തോടെ കാണണമെന്നും എം കെ മുനീർ പറഞ്ഞു.

പിഎം ശ്രീ വിഷയത്തിൽ സബ് കമ്മറ്റി റിപ്പോർട്ട് വരട്ടെയെന്നും എം കെ മുനീർ പ്രതികരിച്ചു. ‘എല്ലാ വശങ്ങളും പരിശോധിച്ചാകും റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് തയ്യാറാക്കാൻ സമയപരിധി നിശ്ചയിക്കേണ്ടതില്ല. ദേശീയ വിദ്യാഭ്യാസനയം കേരളത്തിൽ അടിച്ചേൽപ്പിക്കില്ല. കേരളത്തിന് കേരളത്തിൻ്റെതായ മാതൃകയുണ്ട്. കേരളത്തിൻ്റെ വിദ്യാഭ്യാസ നയത്തിന് ഭംഗം വരുത്തുന്ന രീതിയിൽ സർക്കാർ പ്രവർത്തിക്കില്ലെ’ന്നും എം കെ മുനീർ വ്യക്തമാക്കി.

വന്ദേമാതരം മുഴുവൻ ചൊല്ലണം എന്ന സർക്കാർ നിർദ്ദേശത്തോടും എം കെ മുനീർ പ്രതികരിച്ചു. പാർലമെൻ്റിൽ നിയമം ആയി പാസാക്കിയതാണ്. ചീഫ് സെക്രട്ടറി നിയമപരമായ കടമ നിർവഹിച്ചതാണോ അതോ സ്വയം തീരുമാനിച്ചതാണോ എന്നാണ് പരിശോധിക്കേണ്ടത്. ഭരണഘടനയിൽ ദേശീയഗാനത്തെ ബഹുമാനിക്കാൻ ആണ് പറയുന്നത്. വന്ദേമാതരം ചൊല്ലാൻ ആഗ്രഹിക്കുന്നവർ ചൊല്ലട്ടെ. എല്ലാവരെയും നിർബന്ധിക്കരുത് എന്ന് നെഹ്റുവിൻ്റെ കാലത്ത് തന്നെ കോൺഗ്രസ് നയമാണ്. ചൊല്ലണ്ട എന്ന് വിചാരിക്കുന്നവർ ചൊല്ലണമോ എന്ന ചർച്ച ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും എം കെ മുനീർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button