Cultural EventNationalNewsPolitics

വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ തലേദിവസം പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ സഭയിൽ കടുത്ത പ്രതിഷേധത്തിനാണ് സാധ്യത. രാവിലെ 10 മണിക്ക് ധനകാര്യ മന്ത്രി എൻ. മാരി വിൽസൺ ബജറ്റ് അവതരിപ്പിക്കും.

ബജറ്റ് അവതരണത്തിനിടെയും ഉദയനിധിയുടെ കസ്റ്റഡി വിഷയം ഡിഎംകെ ശക്തമായി സഭയിൽ ഉന്നയിക്കുമെന്നാണ് സൂചന. പ്രതിപക്ഷത്തെ രാഷ്ട്രീയമായി വേട്ടയാടുകയാണ് സർക്കാരെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തുമ്പോൾ, നിയമം നിയമത്തിന്റെ വഴിക്കാണ് മുന്നോട്ട് പോകുന്നതെന്നാണ് സർക്കാരിന്റെ നിലപാട്.

സ്ത്രീകൾ, യുവാക്കൾ, കർഷകർ, ചെറുകിട സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടുള്ള നിരവധി ക്ഷേമ-വികസന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. സ്ത്രീകൾക്ക് നിലവിൽ നൽകുന്ന പ്രതിമാസ ₹1,000 ധനസഹായം ഇരട്ടിയാക്കി ₹2,000 ആക്കുക, വനിതകൾക്കുള്ള സർക്കാർ ബസുകളിലെ സൗജന്യ യാത്രാ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുക, യുവാക്കൾക്കായി പുതിയ തൊഴിൽ-നൈപുണ്യ വികസന പദ്ധതികൾ പ്രഖ്യാപിക്കുക, സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പ്രോത്സാഹന പാക്കേജ്, കർഷക ക്ഷേമ പദ്ധതികൾ എന്നിവയും ബജറ്റിൽ ഉൾപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസനം, വ്യവസായ നിക്ഷേപം, തൊഴിൽ സൃഷ്ടി, ഗ്രാമീണ വികസനം എന്നിവയ്ക്കും കൂടുതൽ വിഹിതം അനുവദിക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും ക്ഷേമപദ്ധതികളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനുള്ള ശ്രമവും ബജറ്റിൽ പ്രതിഫലിച്ചേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button