
പശ്ചിമേഷ്യയിലെ സംഘർഷങ്ങളിലും ചരക്ക് കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ സംസാരിക്കുകയും ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
ചരക്ക് കപ്പലുകൾക്കും നാവികർക്കും നേരെ ഏത് ഭാഗത്തു നിന്നും ഉണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ എപ്പോഴും നയതന്ത്ര ചർച്ചകളെയാണ് പിന്തുണയ്ക്കുന്നതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
‘ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ടെലിഫോണിൽ സംസാരിച്ചു. മേഖലയിലെ നിലവിലെ സംഘർഷങ്ങളിൽ ഇന്ത്യയുടെ കടുത്ത ആശങ്ക അറിയിച്ചു. യാതൊരു കാരണവശാലും ചരക്ക് കപ്പലുകൾക്കോ നാവികർക്കോ നേരെ ആക്രമണം ഉണ്ടാകരുത്. ഏത് രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു’-എസ്. ജയശങ്കർ കുറിച്ചു.



