
മാസപ്പടി കേസിലെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് പരിഗണിക്കുക. നേരത്തെ ഹരജി പരിഗണിക്കവെ ആക്രമണം നടന്നിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ എന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്നും സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ഇ ഡി നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നിലപാടെടുത്തിരുന്നു. കേസിലെ എട്ടാം പ്രതി ഷഫീഖിന്‍റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് പരിഗണിക്കും.
അതിനിടെ കേസിൽ കേസിൽ പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി കോടതിയിൽ നിലപാട് സ്വീകരിച്ച തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ സർക്കാർ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം എ. സന്തോഷ് കുമാറിനെ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.
കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ജാമ്യം ലഭിക്കാൻ പ്രോസിക്യൂട്ടറുടെ നിലപാട് കാരണമായെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാരിന്റെ നടപടി. ഹരീഷിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിക്കുന്ന അപ്പീലിൽ ഗീനാ കുമാരിയെ എതിർകക്ഷിയാക്കാനുമുള്ള അസാധാരണ നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഗീനാ കുമാരിയെ നീക്കിയ ഒഴിവിലേക്ക് അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എൻ.ആർ ഷാജിക്ക് പകരം ചുമതല നൽകിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന മ്യൂസിയം എസ്എച്ച്ഒ, കൊച്ചിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ നടപടികൾ വേഗത്തിലായത്.



