KeralaNews

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍ ; ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടി

ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍. ദേവീ-ദേവന്‍മാരുടേയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെയാണ് വീണ്ടും സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞ ചട്ടപ്രകാരമല്ലെന്ന് ആരോപിച്ച് എല്‍ഡിഎഫ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കി.

ബലിദാനികളുടെ പേരില്‍ മുതല്‍ ഇരുങ്കുളങ്കര ദുര്‍ഗാദേവിയുടെ നാമത്തില്‍ വരെ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗണ്‍സിലര്‍മാരില്‍ 19 പേരും ഹൈക്കോടതി വിധിക്ക് പിന്നാലെ ഈശ്വര നാമത്തില്‍ പുനര്‍പ്രതിജ്ഞ ചെയ്തു. ബിജെപി ഭരണത്തിന്റെ ഭാവി തുലാസില്‍ ആയതോടെയാണ് മിന്നല്‍ നീക്കം.നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ മേയര്‍ വിവി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.

അംഗങ്ങളെ നോട്ടീസ് നല്‍കി അറിയിക്കാതെയുള്ള സത്യപ്രതിജ്ഞ ചട്ടപ്രകാരം അല്ലെന്നും, നടപടി പുനപരിശോധിക്കണമെന്നും പരാതിക്കാരനായ എല്‍ഡിഎഫ് നിയമസഭ കക്ഷി നേതാവ് എസ് പി ദീപക് ആരോപിച്ചു. പരാതിയുണ്ടെങ്കില്‍ പരിശോധിക്കട്ടെ എന്ന് മേയര്‍ പറഞ്ഞു. കോര്‍പ്പറേഷനില്‍ ഭരണ പ്രതിസന്ധി ഇല്ലെന്നും ആര്‍ സുഗതന്റെ സത്യപ്രതിജ്ഞയ്ക്കായി സാവകാശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഗാനരചയിതാവും കവിയുമായ എം ഡി രാജേന്ദ്രന്റെ കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടുനിസ്‌കരിച്ചാലും എന്ന വരികള്‍ പരാമര്‍ശിച്ചാണ് ജസ്റ്റിസ് PV കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.ഭരണഘടനാപ്രകാരം ദൈവനാമത്തിലോ, സഗൗരവം ദൃഢപ്രതീക്ജ്ഞയൊയാണ് എടുക്കേണ്ടത്. ദൈവം എന്നതിന് നിര്‍വചനം പഞ്ചായത്തിരാജ് ആക്ടിലൊ മുന്‍സിപ്പല്‍ ആക്ടിലൊ പറഞ്ഞിട്ടില്ല.എല്ലാ ദൈവങ്ങളും ഒന്നാണ് എന്നാണ് ഗുരുദേവ സന്ദേശം. ദൈവത്തെ കേവലം ഒരു പേര് കൊണ്ട് നിവചിക്കേണ്ട കാര്യമില്ലെന്നും ഹൈക്കോടതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button