NationalNews

നീറ്റ് ചോദ്യച്ചോര്‍ച്ച: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഇന്ന് കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം

നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) പ്രതിഷേധം സംഘടിപ്പിക്കും. പങ്കെടുക്കുന്നവരെല്ലാം പ്ലേറ്റും സ്പൂണുമായി എത്തണമെന്നാണ് സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആവശ്യപ്പെട്ടിരിക്കുന്നത്. പാത്രം കൊട്ടിയുള്ള പ്രതിഷേധമായിരിക്കുമെന്നാണ് സൂചന. ഉച്ചയ്ക്ക് ഒന്നു മുതലാണ് പരിപാടി. പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിജെപി വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധ പ്രകടനത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. ഡല്‍ഹിയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രതിഷേധത്തിനു ശേഷം പുണെ, ലക്‌നൗ, അമൃത്‌സര്‍, ഹൈദരാബാദ്, ജയ്പുര്‍ എന്നിവിടങ്ങളിലും ധര്‍ണ നടത്തിയിരുന്നു. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അനിശ്ചിതകാല ധര്‍ണയായി മാറുമെന്നും സംഘടന വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധത്തിനാണ് സംഘടന ആഹ്വാനം ചെയ്തിട്ടുള്ളതെന്നും അനുമതിക്കായി ഡല്‍ഹി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. ‘ഞങ്ങള്‍ സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഡല്‍ഹി പൊലീസിന്റെ സഹകരണം ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജന്തര്‍ മന്തറില്‍ പൂര്‍ണമായും സമാധാനപരമായ രീതിയിലായിരിക്കും പ്രതിഷേധം നടക്കുക’ -സൗരവ് ദാസ് വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമാകാനും പരിപാടികള്‍ അവതരിപ്പിക്കാനും കലാകാരന്മാരെയും ഗായകരെയും അദ്ദേഹം ക്ഷണിച്ചു.

നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്നതായി സിജെപി വക്താവ് അശുതോഷ് രങ്ക പറഞ്ഞു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തിന് ശേഷം 11 വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button