KeralaNews

‘ബംഗാളിൽ രാഹുൽ ഗാന്ധി എതിർക്കുമ്പോള്‍ കേരളത്തിൽ നിയമനം’; രത്തൻ ഖേൽക്കറുടെ നിയമനത്തില്‍ വ്യാപക വിമർശനം

മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറെ നിയമിച്ചതില്‍ വ്യാപക വിമര്‍ശനം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ പി രാജീവ്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അടക്കമുള്ളവര്‍ രത്തന്‍ ഖേല്‍ക്കറുടെ നിയമനത്തെ വിമര്‍ശിച്ച് രംഗത്തെത്തി.

കൂളിങ് പിരീഡ് പോലും പാലിക്കാതെയാണ് രത്തന്‍ ഖേല്‍ക്കറുടെ നിയമനമെന്നായിരുന്നു പി രാജീവ് പറഞ്ഞത്. ബംഗാളിലെ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എതിര്‍ക്കുമ്പോള്‍ കേരളത്തില്‍ നിയമനം നല്‍കിയിരിക്കുകയാണ്. വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം എന്നാണ് രാഹുല്‍ ഗാന്ധി ബംഗാളിലെ നിയമനത്തെ വിശേഷിപ്പിച്ചത്. കേരളത്തിലും ഇതേ നിലപാട് ആണോ ഉള്ളതെന്ന് പി രാജീവ് ചോദിച്ചു. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം, രാഹുല്‍ ഗാന്ധി എന്നിവര്‍ നിലപാട് വ്യക്തമാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.

എസ്‌ഐആര്‍ പ്രവര്‍ത്തങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജാവിനെക്കാള്‍ രാജഭക്തി കാണിച്ചുവെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. ഇസിഐ എന്ന ചുരുക്കപ്പേരുള്ള പ്രസ്തുത കമ്മീഷന്‍ മോദി സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ പോലെയാണ് പ്രവര്‍ത്തിച്ചത്. എല്ലാ പൗരന്മാര്‍ക്കും വോട്ടവകാശം ഉറപ്പാക്കാനല്ല, പരമാവധി പേര്‍ക്ക് മതവും ജാതിയും നോക്കി വോട്ടവകാശം നിഷേധിക്കാനാണ് ഇലക്ഷന്‍ കമ്മീഷന്‍ ഉത്സാഹം കാണിച്ചത്. ആ നയങ്ങളുടെ വിശ്വസ്ത വിധേയനായാണ് രത്തന്‍ ഖേല്‍ക്കര്‍ എന്ന ഐഎഎസ് ഓഫീസര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചത്. അതേ ആള്‍ തന്നെ കോണ്‍ഗ്രസ് നേതാവായ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാകുമ്പോള്‍ ജനങ്ങളുടെ മനസില്‍ സ്വാഭാവികമായും ചോദ്യങ്ങള്‍ ഉയരും. ജാതിയും മതവും നോക്കി വോട്ടവകാശം റദ്ദാക്കുന്ന മോദി നയങ്ങള്‍ നടപ്പിലാക്കിയ ഉദ്യോഗസ്ഥരെ തന്നെയാണ് ബംഗാളിലെ ബിജെപി ഗവണ്‍മെന്റ് തങ്ങളുടെ ഉപദേഷ്ടാക്കള്‍ ആക്കിയത്. ആ വഴിക്ക് സഞ്ചരിക്കാന്‍ ആണോ കേരള മുഖ്യമന്ത്രിയും തീരുമാനിച്ചിരിക്കുന്നത്?. മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതിന് മുന്‍പ് ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ അദ്ദേഹം നടത്തിയ മംഗലാപുരം യാത്രയും അവിടുത്തെ കൂടിക്കാഴ്ചകളും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തിയതാണ്. അതിന് പുറമേ രത്തന്‍ ഖേല്‍ക്കര്‍ കൂടി എത്തുമ്പോള്‍ സര്‍ക്കാരിന്റെ പോക്ക് പ്രഖ്യാപിക്കപ്പെട്ട ദിശയില്‍ തന്നെ ആണോ എന്ന് ജനങ്ങള്‍ ചിന്തിക്കാതെ ഇരിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button