
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ അനന്തമായി നീളുന്നതിനിടെ, മുസ്ലിം ലീഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന് ചേരും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ രാവിലെ 10ന് നടക്കുന്ന യോഗത്തിൽ 8 ഉന്നത നേതാക്കൾ പങ്കെടുക്കും. ലീഗ് മന്ത്രിമാരെ തീരുമാനിക്കുന്നതും ചർച്ചയാകും.
102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. യുഡിഎഫ് വിജയത്തിന് ചുക്കാൻ പിടിച്ച വിഡി സതീശനെയാണ് ലീഗ് പിന്തുണയ്ക്കുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം പാർട്ടി നേതൃയോഗം ചേരാനാണ് ലീഗ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി പ്രക്യാപനം നീണ്ടുപോകുന്നതിനാൽ, അതിനു കാത്തുനിൽക്കാതെ അടിയന്തര യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം വൈകുന്നത് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ആഹ്ലാദ പ്രകടനത്തിനു പോലും മങ്ങലേൽപ്പിച്ചതായി ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് അഭിപ്രായപ്പെട്ടിരുന്നു.
പാഠപുസ്തക വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കൽ, എസ്എസ്എൽസി, പ്ലസ് ടു ഫലപ്രഖ്യാപനം തുടങ്ങിയവ പുതിയ സർക്കാർ നടപ്പാക്കേണ്ട നിരവധി വിഷയങ്ങൾ മുന്നിലുണ്ട്. അതിനാൽ എത്രയും വേഗം മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് തുടർ നടപടികൾ ഏകോപിപ്പിക്കണം എന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. പുതിയ മന്ത്രിസഭയിൽ ലീഗിന്റെ മന്ത്രിമാർ, എത്ര മന്ത്രിസ്ഥാനം വേണം തുടങ്ങിയ വിഷയങ്ങളും ചർച്ചയായേക്കും.



