NationalNewsPolitics

വനിതാ സംവരണം- വിമര്‍ശനവുമായി സോണിയ ഗാന്ധി.

കേന്ദ്രസര്‍ക്കാര്‍ ഈ ആഴ്ച വിളിച്ചുചേര്‍ത്തിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വനിതാ സംവരണമല്ലെന്നും മണ്ഡല പുനര്‍നിര്‍ണ്ണയമാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ‘ഹിന്ദു’ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ അവര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. അനൗദ്യോഗികമായി ലഭ്യമായ വിവരങ്ങള്‍ പ്രകാരം സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണ്ണയ പദ്ധതി അങ്ങേയറ്റം അപകടകരവും ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണവുമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.

സ്ത്രീ സംവരണ ബില്ലിലെ ഭേദഗതിക്ക് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കക്ഷികള്‍ക്കും കത്തയച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നല്‍കുന്ന നാരീശക്തി വന്ദന്‍ അധിനിയം 2023-ല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് സഭയുടെ പ്രത്യേക സമ്മേളനത്തില്‍ ബില്ലുകള്‍ ബലമായി പാസാക്കാന്‍

പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ പിന്തുണ തേടുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഈ അസാധാരണ ധൃതിക്ക് പിന്നില്‍ ഒരേയൊരു കാരണമേയുള്ളൂ, അത് രാഷ്ട്രീയ നേട്ടം കൊയ്യുക എന്നതും പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുക എന്നതുമാണ്. പ്രധാനമന്ത്രി പതിവുപോലെ സത്യം മറച്ചുവെക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

സ്ത്രീ സംവരണ ബില്ലിനെ സെന്‍സസുമായി ബന്ധിപ്പിച്ചത് കേന്ദ്രസര്‍ക്കാരാണ്. പ്രതിപക്ഷം ഇത്തരമൊരു നിബന്ധന ആവശ്യപ്പെട്ടിരുന്നില്ല. വാസ്തവത്തില്‍, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ സംവരണം നടപ്പിലാക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് സമ്മതിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി.

സ്ത്രീ സംവരണം 2029 മുതല്‍ തന്നെ നടപ്പിലാക്കുന്നതിനായി ആര്‍ട്ടിക്കിള്‍ 334 എ ഭേദഗതി ചെയ്യാന്‍ പോകുകയാണെന്ന് ഇപ്പോള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ മലക്കംമറിച്ചിലിന് പ്രധാനമന്ത്രി എന്തിനാണ് 30 മാസമെടുത്തത്? പ്രത്യേക സമ്മേളനം വിളിക്കാന്‍ ഏതാനും ആഴ്ചകള്‍ കൂടി അദ്ദേഹത്തിന് കാത്തിരുന്നുകൂടേ? പശ്ചിമ ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29-ന് അവസാനിച്ച ശേഷം, സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ഒന്നല്ല, മൂന്ന് തവണ സര്‍ക്കാരിനോട് കത്തെഴുതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തികച്ചും ന്യായമായ ആ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടു. പകരം, ലേഖനങ്ങളെഴുതാനും രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥനകള്‍ നടത്താനും സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനുമാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ‘എന്റെ വഴി അല്ലെങ്കില്‍ പുറത്തേക്കുള്ള വഴി’ എന്ന പ്രധാനമന്ത്രിയുടെ സമീപനവുമാണ് ഈ തന്ത്രത്തിലൂടെ പ്രതിഫലിക്കുന്നത്,’ സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button