KeralaNews

ടി പി വധക്കേസ്: പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി ‌

ടിപി ചന്ദ്രശേഖരൻ കേസിൽ പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകി സുപ്രീംകോടതി. അപ്പീലിൽ തീരുമാനമെടുക്കും വരെയാണ് ജാമ്യം. പ്രതിക്കെതിരെയുള്ളത് ദുർബലമായ തെളിവുകൾ എന്ന് നിരീക്ഷണം നടത്തിയ കോടതി ശിക്ഷ മരവിപ്പിച്ചു. ഗൂഢാലോചന തെളിയിക്കുന്നതിന് തെളിവുകളിൽ അപര്യാപ്തത ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വൃക്കരോഗം സംബന്ധിച്ച ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് നടപടി. 2024 ഫെബ്രുവരിയിൽ ജ്യോതി ബാബുവിനെ കേസിൽ ഹൈക്കോടതി ജീവ പര്യന്ത്യം ശിക്ഷ വിധിച്ചിരുന്നു.

ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. പ്രതിക്കെതിരെയുള്ള ഗൂഢാലോചന തെളിയിക്കുന്നതിൽ തെളിവുകളുടെ അപര്യാപ്തതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജ്യോതിബാബുവിനെതിരെ ഹാജരാക്കിയ തെളിവുകൾ ദുർബലമാണെന്നും കോടതി വ്യക്തമാക്കി. കേസിൽ സാക്ഷി പറഞ്ഞ രണ്ട് പേരിൽ ഒരാൾ തന്നെ കണ്ടിട്ടുപോലുമില്ലെന്ന് ജ്യോതിബാബു കോടതിയിൽ വാദിച്ചിരുന്നു. ആകെ മൂന്ന് ഗൂഢാലോചന യോഗങ്ങൾ നടന്നുവെന്ന് പറയപ്പെടുന്നതിൽ, മൂന്നാമത്തെ യോഗത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജ്യോതിബാബുവിന്റെ മോശമായ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്ന മെഡിക്കൽ റിപ്പോർട്ട് കോടതി മുൻനിർത്തിയിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വൃക്ക ദാതാവിനെ ലഭിച്ചോ എന്ന് കോടതി ചോദിച്ചിരുന്നെങ്കിലും, ദാതാവിനെ ലഭിക്കാത്തതിനെത്തുടർന്ന് അന്ന് ജാമ്യം അനുവദിച്ചിരുന്നില്ല.

തന്റെ ആരോഗ്യനില വളരെ മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നും ജ്യോതിബാബു ആവശ്യപ്പെടുകയായിരുന്നു. പ്രതികൾക്കെതിരെ ഫോൺ കോളുകൾ അടക്കമുള്ള തെളിവുകൾ ഉണ്ടെന്നും ഇവർക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ ഇത് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button