
കേരളത്തിന്റെ ഭാവി വികസനത്തിന് പുത്തൻ ദിശാബോധം നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ പുതിയ നഗരനയം രൂപീകരിച്ചതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അടുത്ത 25 വർഷത്തെ വികസന ലക്ഷ്യങ്ങൾ മുൻനിർത്തി ഇത്തരം ഒരു നയം രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര അർബൻ കോൺക്ലേവിന്റെ അടിസ്ഥാനത്തിൽ നടന്ന ദീർഘകാല ചർച്ചകൾക്കും സമഗ്രമായ ആലോചനകൾക്കും ശേഷമാണ് ഈ നയം രൂപപ്പെട്ടത്. നഗര മേഖലകളിൽ വോട്ട് കുറഞ്ഞതുകൊണ്ടാണ് ഇത്തരമൊരു നീക്കമെന്ന രീതിയിൽ ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും, തദ്ദേശ തെരഞ്ഞെടുപ്പിന് എത്രയോ മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസന രംഗത്ത് വലിയ ആവേശമുണർത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ശബരി റെയിൽ പാതയ്ക്കും മറ്റ് പ്രധാന റോഡ് വികസന പദ്ധതികൾക്കും കിഫ്ബി വഴി ഫണ്ട് അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിന് ബദലായി കിഫ്ബിയെ ഫലപ്രദമായി ഉപയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ എൽ.ഡി.എഫ് നടത്തുന്ന ജാഥകളിൽ ദൃശ്യമാകുന്ന വമ്പിച്ച ജനപങ്കാളിത്തം ജനങ്ങൾ തുടർഭരണം ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങൾക്കെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. പാഠപുസ്തകങ്ങൾ നേരത്തെ വിതരണം ചെയ്യുന്നത് വലിയ അപരാധമാണെന്നാണ് യു.ഡി.എഫ് പറയുന്നത്. യു.ഡി.എഫ് ഭരണകാലത്ത് ഒരു തവണ മാത്രമേ പാഠപുസ്തക വിതരണം മുടങ്ങിയിട്ടുള്ളൂ എന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും ഗോവിന്ദൻ മാസ്റ്റർ ആഞ്ഞടിച്ചു. വിദ്യാഭ്യാസ-വികസന മേഖലകളിൽ സർക്കാർ കൈവരിച്ച മുന്നേറ്റങ്ങളെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇത്തരം വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.



