
തുടർഭരണം സംബന്ധിച്ച് വിവാദ പരാമർശം നടത്തിയ കവി സച്ചിദാനന്ദൻ സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നതിൽ അതൃപ്തി പരസ്യമാക്കി ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ തന്നെ മാറ്റി നിർത്തുകയും, എന്നാൽ ഭരണത്തുടർച്ച വേണ്ടെന്ന് ചൂണ്ടിക്കാണിച്ച സച്ചിദാനന്ദനെതിരെ നടപടി സ്വീകരിക്കാത്ത നിലപാടും ചൂണ്ടിക്കാണിച്ചാണ് പ്രേംകുമാറിന്റെ വിമർശനം. സച്ചിദാനന്ദൻ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി, അഥവാ ഇരട്ടനീതിയുടെ നേർക്കാഴ്ച്ച എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.
ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും തന്നെ പുറത്താക്കിയെന്നും ഒരാളോടും ഒരു നന്ദി പോലും പറയാൻ അവസരം നൽകാതെയാണ് പുറത്താക്കിയതെന്നും പ്രേംകുമാർ പറയുന്നു. ഇത്ര ധൃതി പിടിച്ച് തിടുക്കപ്പെട്ട് തന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ലെന്നും പ്രേംകുമാർ പറയുന്നു. ആശാസമരം പരിഹരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ് പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങൾ വഴി അറിയാൻ കഴിഞ്ഞു. ചെയർമാൻ സ്ഥാനത്തുനിന്നും തന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ ലഭിച്ചിട്ടില്ല. സംഘാടകസമിതിയുടെ ചുമതല ഉണ്ടായിരുന്നിട്ടുകൂടി ഡിസംബറിൽ കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തെക്കുറിച്ച് ഒരറിയിപ്പോ ക്ഷണമോ തനിക്ക് ലഭിച്ചില്ലെന്നും പ്രേംകുമാർ കുറിച്ചു.
കേരള സാഹിത്യഅക്കാദമി ചെയർമാനായ സച്ചിദാനന്ദൻ മാഷ് പാർട്ടിക്കും ഭരണത്തിനുമെതിരെ പ്രതിലോമ വർത്തമാനങ്ങൾ നിരന്തരം പറഞ്ഞിട്ടും ഒരു തുടർഭരണം പോലും ഉണ്ടാകാൻ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയർമാൻ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല. ചെയർമാന്റെ ഔദ്യോഗിക കാലാവധിയൊക്കെ എന്നേ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതും തുടരാൻ അനുവദിക്കുന്നതും സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന തനിക്ക് ഇല്ലാത്ത എന്തോ അപാരമായ അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയർമാനായ സച്ചിദാനന്ദൻ മാഷിനുണ്ടെന്ന തോന്നലുളവാക്കുന്നു. അത് തന്നെ അത്ഭുതപ്പെടുത്തുന്നു. ഇരട്ടനീതിയുടെ പ്രത്യക്ഷകാഴ്ചയാണ് ഇവിടെ കാണാനാവുന്നത്. വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദൻ മാഷിൻറെ കാര്യത്തിൽ സംഭവിക്കുന്നത് എന്ന ചോദ്യം ബാക്കിയാണെന്നും പ്രേംകുമാർ കുറിച്ചു.



