
തനിക്കെതിരായ പാര്‍ട്ടി നടപടി താന്‍ പ്രതീക്ഷിച്ചത് തന്നെയാണെന്ന് വി കുഞ്ഞികൃഷ്ണന്. ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഐഎം കുഞ്ഞികൃഷ്ണനെ പുറത്താക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പണ്ട് പാര്‍ട്ടി തെറ്റുകാരെ സംരക്ഷിക്കുന്ന നിലപാടെടുക്കാറില്ലായിരുന്നുവെന്നും ഇപ്പോള്‍ തെറ്റുകാരെ സംരക്ഷിക്കുകയും അത് ചൂണ്ടിക്കാട്ടിയവരെ ശിക്ഷിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കാന്‍ പുറത്തുനിന്നാര്‍ക്കും സാധിക്കില്ല. അതിനുള്ളവര്‍ തന്നെ നശിപ്പിച്ചാലാണ് പാര്‍ട്ടി നശിക്കുക. ബംഗാളില്‍ പാര്‍ട്ടി നേരിട്ടതുപോലൊരു പൊട്ടിത്തറി ഇവിടേയുമുണ്ടാകാന്‍ ഇനി അധികം സമയം വേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് പാര്‍ട്ടികളില്‍ നിന്ന് ക്ഷണം വന്നാല്‍ പോകുമോ എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുമ്പോഴും താനൊരിടത്തേക്കുമില്ല എന്ന് തന്നെയാണ് വി കുഞ്ഞികൃഷ്ണന്റെ മറുപടി. ഒരു തിരഞ്ഞെടുപ്പിലും തന്റെ ജീവിതകാലത്ത് മത്സരിക്കാന്‍ ആഗ്രഹിക്കുന്നേയില്ല. തുറന്നുപറഞ്ഞ സത്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഇനി തന്റെ പൊതുപ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. തന്റെ പുസ്തകം പുറത്തിറങ്ങുമ്പോള്‍ പാര്‍ട്ടി പുറത്താക്കുമെന്ന് ഉറപ്പിച്ചിരുന്നു. 50 വര്‍ഷം ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച തനിക്ക് പാര്‍ട്ടി രീതികള്‍ കൃത്യമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനന് ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം. തെളിവ് ഉള്‍പ്പെടെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി.കുഞ്ഞികൃഷ്ണന് പ്രതികരിച്ചിരുന്നു. പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായിരിക്കെ നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതിനു ശേഷം ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി. കുഞ്ഞികൃഷ്ണന് പരസ്യമായി പ്രതികരിച്ചിരുന്നു.
കണക്ക് അവതരിപ്പിക്കാന്‍ വൈകിയ പ്രശ്നമേ ഉണ്ടായിട്ടുള്ളൂ എന്നും അതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട് എന്നുമാണ് വിഷയത്തില്‍ സിപിഐഎം വിശദീകരണം. എന്നാല്‍ ആരോപണത്തോട് കൂടുതല്‍ പ്രതികരിക്കാന്‍ പയ്യന്നൂര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായിട്ടില്ല. അതിനിടെ ആരോപണമുന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കടുത്ത ആക്രമണമാണ് സിപിഐഎം അനുഭാവികള്‍ നടത്തുന്നത്.



