KeralaNewsPolitics

ജി സുധാകരനെ പിന്തുണച്ചാല്‍ കര്‍ശന നടപടി; പാര്‍ട്ടി അംഗത്വം ഉള്ളവരെ പുറത്താക്കാന്‍ സിപിഐഎം

ജി സുധാകരനെ പിന്തുണക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. പാര്‍ട്ടി അംഗത്വം ഉള്ളവരാണെങ്കില്‍ അവരെ പുറത്താക്കും. ജി സുധാകരനെതിരെ താഴെ തട്ടില്‍ വരെ പ്രതിരോധം തീര്‍ക്കാനാണ് പാർട്ടി തീരുമാനം. രഹസ്യ യോഗങ്ങള്‍ ചേര്‍ന്നാലും കര്‍ശന നടപടി സ്വീകരിക്കും.

അതേസമയം, സുധാകരനെതിരെ നിലപാട് കടുപ്പിക്കുകയാണ് സിപിഐഎം. ആലപ്പുഴ പുന്നപ്രയിലെ വി എസ് അച്യുതാനന്ദന്റെ വസതിയില്‍ നിന്ന് ആയിരങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്ന ബഹുജന റാലി ആരംഭിച്ചു. ശേഷം വിശദീകരണ യോഗവും സംഘടിപ്പിക്കും.

സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരൻ അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. ‘കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല,’ സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം യുഡിഎഫ് പിന്തുണയോടെ താൻ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ ജി സുധാകരനെതിരെ ജന്മനാട്ടിൽ സിപിഐഎം പ്രകടനം നടത്തിയിരുന്നു. ചാരുംമൂട്ടിൽ നിന്നും കരിമുളയ്ക്കൽ ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിലേക്കാണ് പ്രകടനം നടന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവൻ, ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി ബി ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നൂറുകണക്കിന് പേർ പ്രകടനത്തിൽ പങ്കെടുത്തിരുന്നു.

ജി സുധാകരനെതിരെ പുന്നപ്രയിലെ വീടിന് മുന്നിലും പ്രതിഷേധ ബാനർ ഉയർന്നിരുന്നു. കുലംകുത്തിയെന്ന് അധിക്ഷേപിച്ചായിരുന്നു ബാനർ. ‘കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും’ എന്നാണ് ബാനറിലെ വാചകം. ഭഗവതിക്കൽ സഖാക്കൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ സുധാകരനെ അനുകൂലിക്കുന്ന നിരവധി പേരുണ്ടെന്നും അദ്ദേഹത്തിനൊപ്പം പോകാനായി കാത്തുനിൽക്കുന്ന പ്രവർത്തകരുണ്ടെന്നും അമ്പലപ്പുഴ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാകേഷ് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button