Uncategorized

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരം ജൂലൈയില്‍; തീയതി പ്രഖ്യാപിച്ച് ഇറാന്‍

യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ ജൂലൈ 9ന് നടക്കും. ഇറാന്‍ പ്രസ് ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങാണ് നടക്കുകയെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 4, 5 തീയതികളില്‍ രാജ്യ തലസ്ഥാനമായ ടെഹ്റാനില്‍ വിടവാങ്ങല്‍ ചടങ്ങ് നടക്കും. 9ന് ജന്മനാടായ മഷാദ് നഗരത്തില്‍ നടക്കുന്ന ചടങ്ങിന് ശേഷം ഇമാം റെസായുടെ ശവകുടീരത്തിന് അടുത്തായി ഖമനയിയുടെ ഭൗതികശരീരം സംസ്‌കരിക്കും.

നേരത്തെ മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങുകള്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്ന ജൂലൈ 4 യുഎസിന്റെ സ്വാതന്ത്ര്യ ദിനമാണെന്നത് ശ്രദ്ധേയമാണ്. 250-ാം സ്വാതന്ത്യ വാര്‍ഷികമാണ് യുഎസ് ഇത്തവണ ആഘോഷിക്കുന്നത്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിലാണ് ഖമേനി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മകനും പിന്‍ഗാമിയുമായ മുജ്തബ ഖമേനിക്കും പരിക്കേറ്റിരുന്നു. 1979ല്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമായ ശേഷം ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവാണ് മുജ്തബ.

ഖമേനിക്കൊപ്പം മകള്‍ സഹ്ദ ഹദ്ദാദ് ആദില്‍, ഭര്‍ത്താവ് മിസ്ബാ അല്‍ ഹുദ ബഗേരി എന്നിവരും ഇവരുടെ മകനും കൊല്ലപ്പെട്ടിരുന്നു. ഖമേനി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിനിടെയാണ് ഓഫിസ് സമുച്ചയത്തിനുനേരെ ആക്രമണം ഉണ്ടായത്. ഇറാന്‍ പ്രതിരോധമന്ത്രി അസീസ് നസീര്‍സാദ, സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ അബ്ദുല്‍ റഹീം മൂസവി, ഖമേനിയുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് പക്പൂര്‍, 1989 മുതല്‍ ഖമനയിയുടെ മിലിറ്ററി ബ്യൂറോ തലവനായ മുഹമ്മദ് ഷിറാസി എന്നിവരും കൊല്ലപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button