KeralaNews

കസ്റ്റഡി മർദനം; സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

പൊലീസ് മർദനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് സെക്രട്ടറിയേറ്റിന് മുന്നില്‌ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിലൂടെ സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു. പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

ഇതോടെ സ്ഥലത്ത് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലും അകത്തും വൻപൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. പ്രവർത്തകരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രദേശത്ത് സംഘർഷം തുടരുകയാണ്. പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യാനാണ് പൊലീസിൻ്റെ ശ്രമം.

പൊലീസ് അതിക്രമങ്ങൾക്കതിരെ പാലക്കാട് എസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. എസ്പി ഓഫീസിനകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം നടന്നുവരികയാണ്. അതിനിടെ, കുന്നംകുളത്തെ കസ്റ്റഡി മർദ്ദനത്തില്‍ പ്രതിയായ പൊലീസുകാരൻ സന്ദീപിൻ്റെ ചവറ തെക്കുംഭാഗത്തെ വീട്ടിലേക്കും യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷമുണ്ടായി. ഇവിടേയും പൊലീസ് പ്രവർത്തകരെ ബലംപ്രയോ​ഗിച്ചാണ് നീക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button