
യൂത്ത് കോൺഗ്രസിന്റെ ലോങ്ങ് മാർച്ച് മാറ്റിവെച്ചു. തൃശ്ശൂരിലെ വോട്ട് അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ടുകൊണ്ട് ആയിരുന്നു ലോങ്ങ് മാർച്ച്. നാളെ നടക്കേണ്ടിയിരുന്ന ലോങ്ങ് മാർച്ചിന്റെ ഉദ്ഘാടകൻ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി തന്നെ മാറ്റിവെച്ചത്. ഉദ്ഘാടകനെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല എന്നാണ് യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വിശദീകരണം.
അതേസമയം രാഹുലിനെ വിലക്കി പാലക്കാട് നഗരസഭ. നാളെ നടക്കുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് നഗരസഭയുടെ കത്ത്. ഉദ്ഘാടന ചടങ്ങിൽ രാഹുൽ പങ്കെടുത്താൽ പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും, ഇത് പരിപാടിയുടെ ശോഭ കെടുത്തുമെന്നും MLAയ്ക്ക് നൽകിയ കത്തിൽ പാലക്കാട് നഗരസഭ. പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് കത്ത് കൈമാറിയത്.
വെളിപ്പെടുത്തലുകളിലും വിവാദങ്ങളിലും ഉലഞ്ഞ് ഒടുവിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രവിവച്ചിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ കമ്മറ്റിക്ക് അദ്ദേഹം രാജി സമർപ്പിച്ചു. പകരം അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത കൽപ്പിക്കുന്നത്. ആരോപണങ്ങൾ ഉയർന്നതോടെ രാഹുലിന് ഒരു ഇളവും നല്‍കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാട് സ്വീകരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയാലും എം എൽ എ സ്ഥാനം തുടർന്നേക്കും.