KeralaNews

കൊല്ലം പൂരം കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രവും; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയത് വിവാദത്തില്‍. പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റത്തില്‍ നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ആര്‍എസ്എസ് സ്ഥാപകനേതാവ് ഹെഗ്‌ഡേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ക്ഷേത്ര ആചാരങ്ങളിലും ഉത്സവങ്ങളിലും രാഷ്ട്രീയം കലര്‍ത്തുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. തുടര്‍ച്ചയായി ക്ഷേത്രാചാരങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുവാനാണ് സിപിഎമ്മും ബിജെപിയും മത്സരിക്കുന്നത്. ഇത് വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത് എന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഉത്സവങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ഹൈക്കോടതി അടുത്തിടെ നിര്‍ദേശിച്ചിരുന്നു.

കുടമാറ്റത്തില്‍ നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, ബി ആര്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയതിനോടൊപ്പമാണ് ഹെഗ്‌ഡെ വാറിന്റെ ചിത്രവും ഉയര്‍ത്തിയത്. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് കൊല്ലം പൂരം നടക്കാറുള്ളത്. പുതിയകാവ് ക്ഷേത്രം അണിനിരത്തിയ കുടമാറ്റത്തിലാണ് ഹെഗ്‌ഡേവാറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button