
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍. ആദിവാസികള്‍ക്ക് ഭൂമി ആദ്യം, പിന്നെ തിരഞ്ഞെടുപ്പ് എന്ന് സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിലമ്പൂരില്‍ ഭൂമിക്ക് വേണ്ടിയുള്ള ആദിവാസി സമൂഹത്തിന്റെ സമരത്തെ അവഗണിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് സച്ചിദാനന്ദന്‍ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം മലപ്പുറം കളക്ടറേറ്റ് പടിക്കലില്‍ ആദിവാസികള്‍ ആരംഭിച്ച രണ്ടാം ഘട്ട ഭൂസമരം ഇന്നേക്ക് 21ാം ദിവസം പിന്നിട്ടു. ആദിവാസികളുടെ നഷ്ടപ്പെട്ടതും അന്യാധീനപ്പെട്ടതുമായ കൃഷിഭൂമി തിരിച്ചുനല്‍കണമെന്ന സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലാണ്, ഇന്ത്യയിലെ മറ്റ് പലയിടങ്ങളിലെയും പോലെ നിലമ്പൂരിലെയും ആദിവാസി ജനത സമരത്തിനിറങ്ങിയത്. 2009ല്‍ സുപ്രീം കോടതിയുടെ വിധി വന്നെങ്കിലും 2018ലാണ് നിലമ്പൂരിലെ ആദ്യ സമരം ആരംഭിക്കുന്നത്. കാടിനകത്തായിരുന്നു ഈ സമരത്തിന്റെ തുടക്കം. സര്‍ക്കാര്‍ ഭൂമി നല്‍കാമെന്ന് അന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
2023 മെയ് 10ന് നിലമ്പൂര്‍ ഐടിഡിപിയ്ക്ക് മുന്‍പില്‍ ഭൂസമരം ആരംഭിച്ചു. നിരാഹാര സമരമായിരുന്നു ഇത്തവണ സമരക്കാര്‍ സ്വീകരിച്ചത്. 314 ദിവസം നീണ്ട നിരാഹാരസമരത്തിനൊടുവില്‍ നിരാഹാരമിരുന്ന ബിന്ദു വൈലശ്ശേരിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് കലക്ടര്‍ സമരക്കാരോട് ചര്‍ച്ചയ്ക്ക് എത്തിയത്.