
കോൺഗ്രസ് നേതാക്കൾക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചാല്‍ ബാക്കി കാര്യങ്ങളില്‍ ചര്‍ച്ച നടത്തി അന്‍വറിനു കൂടി സ്വീകാര്യമായ തീരുമാനം എടുക്കാന്‍ യുഡിഎഫ് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും ഓരോ നിമിഷവും അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. എല്ലാ വിഷയങ്ങളും യുഡിഎഫില്‍ ചര്‍ച്ച ചെയ്താണ് തീരുമാനമെടുക്കുന്നതെന്നും ആരും സ്വന്തം നിലയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
‘രണ്ട് കാര്യങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെപ്പോലെ ഒരു ദേശീയപാര്‍ട്ടിക്ക് വിട്ടുവീഴ്ച്ച ചെയ്യാനാകില്ല. പാര്‍ട്ടിയുടെ ദേശീയ നേതൃത്വം അംഗീകരിച്ച, യുഡിഎഫ് തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിയെ തളളിപ്പറഞ്ഞ ഒരാളെ എങ്ങനെയാണ് മുന്നണിയുമായി സഹകരിപ്പിക്കുക? അന്‍വര്‍ അദ്ദേഹത്തിന് പറ്റിയ തെറ്റ് തിരുത്തി യുഡിഎഫുമായി സഹകരിക്കുക. കാരണം പിണറായിസത്തെയാണ് തോല്‍പ്പിക്കേണ്ടത്. അല്ലാതെ യുഡിഎഫിനെയോ യുഡിഎഫിലെ ഏതെങ്കിലും വ്യക്തികളെയോ അല്ല. പിണറായിസത്തെ തോല്‍പ്പിക്കാന്‍ അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. അദ്ദേഹത്തിന്റെ പ്രസ്താവനകളാണ് വിലങ്ങുതടിയായി നില്‍ക്കുന്നത്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്താണ്. അതില്‍ വിട്ടുവീഴ്ച്ചയില്ല. അദ്ദേഹത്തെ ജയിപ്പിക്കാന്‍ അന്‍വറുള്‍പ്പെടെ സഹകരിക്കണമെന്നാണ് പറയാനുളളത്. എന്തായാലും ഞങ്ങള്‍ ഞങ്ങളുടെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകും.’- കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാനാണ് അന്‍വര്‍ ആഗ്രഹിക്കുന്നതെങ്കില്‍ യുഡിഎഫ് ചെയര്‍മാനെതിരായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന് ഒരു വെല്ലുവിളിയല്ലെന്നും സിപിഐഎം സ്ഥാനാര്‍ത്ഥികളെ കിട്ടാതെ പരക്കം പാഞ്ഞുനടക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. ‘സിപിഐഎം അവസാനം ഒരു ഡോക്ടറില്‍ ചെന്നെത്തിയിട്ടുണ്ട്. തൃക്കാക്കരയില്‍ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടിയന്തരമായി പ്രമേയം പാസാക്കണം. ഞങ്ങളുടെ ഡോക്ടര്‍മാരെ വഴിയാധാരമാക്കരുതെന്ന് മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും അഭ്യര്‍ത്ഥിക്കാന്‍ ഐഎംഎ തയ്യാറാകണമെന്നാണ് എനിക്ക് പറയാനുളളത്. ഇപ്പോള്‍ അവരുടെ സ്ഥാനാര്‍ത്ഥിയായി ഉയരുന്ന പേര് നല്ല ഡോക്ടറുടെതാണ്. ജില്ലാ ആശുപത്രി സൂപ്രണ്ടാണ്. ഇത്രയും നല്ല മനുഷ്യനെ ഇതിലേക്ക് എറിഞ്ഞ് കൊടുക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കണം’- കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.