
തെരഞ്ഞടുപ്പ് കമ്മീഷനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിലും ബിഹാറിലും ഇൻഡ്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിച്ചു കഴിഞ്ഞാൽ കമ്മീഷനെ ശക്തമായി നേരിടുമെന്ന് രാഹുൽ പറഞ്ഞു. വോട്ട് മോഷണ ആരോപണങ്ങൾക്ക് സത്യവാങ്മൂലം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്‍റെ പരാമര്‍ശം.
“മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരേ, ശ്രദ്ധിക്കൂ. ഇപ്പോൾ, ഇത് നരേന്ദ്ര മോദിയുടെ സർക്കാരാണ്, നിങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നു. പക്ഷെ ഇൻഡ്യാ സഖ്യം രാജ്യത്തും ബിഹാറിലും സര്‍ക്കാര്‍ രൂപീകരിക്കുന്ന ഒരു ദിവസം വരും, അതിനുശേഷം ഞങ്ങൾ നിങ്ങളെ മൂന്നുപേരെയും കൈകാര്യം ചെയ്യും.നിങ്ങൾക്കെതിരെ നടപടിയെടുക്കും,” ഗയ ജിയിൽ നടന്ന വോട്ട് അധികാർ യാത്രയ്ക്കിടെ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“തെരഞ്ഞെടുപ്പ് കമ്മീഷന്റെ മോഷണം പിടിക്കപ്പെട്ടു, ഇപ്പോൾ കമ്മീഷൻ എന്നോട് സത്യവാങ്മൂലം ആവശ്യപ്പെടുന്നു. ഞാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് പറയുന്നു – എനിക്ക് കുറച്ച് സമയം തരൂ, രാജ്യം മുഴുവൻ നിങ്ങളോട് സത്യവാങ്മൂലം ആവശ്യപ്പെടും.നിങ്ങളുടെ മോഷണം രാജ്യമെമ്പാടും പിടികൂടി ജനങ്ങളെ കാണിക്കാൻ പോകുകയാണ്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടുകൾ മോഷ്ടിക്കുമ്പോൾ, അവർ ഭാരത മാതാവിനെയും ഭരണഘടനയെയും ആക്രമിക്കുന്നു. നരേന്ദ്ര മോദിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഭാരത മാതാവിനെയും ഭരണഘടനയെയും ആക്രമിക്കാൻ ഞങ്ങൾ അനുവദിക്കില്ല.തിരഞ്ഞെടുപ്പ് കമ്മീഷണർ, ശ്രദ്ധയോടെ കേൾക്കൂ – നിങ്ങൾ ശരിയായ കാര്യം ചെയ്തില്ലെങ്കിൽ, നിങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും,” രാഹുൽ മുന്നറിയിപ്പ് നൽകി.