KeralaNational

എഐ കാമറ അഴിമതി ആരോപണം; വി ഡി സതീശന്റേയും ചെന്നിത്തലയുടേയും ഹര്‍ജി തള്ളി

എഐ കാമറ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. എഐ കാമറ അഴിമതിയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. ഹര്‍ജികള്‍ വസ്തുതാപരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആരോപണം തെളിയിക്കുന്നതില്‍ ഹര്‍ജിക്കാര്‍ പരാജയപ്പെട്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ട ശേഷം ഹര്‍ജി തള്ളിയത്. കരാറില്‍ അഴിമതി നേരിട്ട് വ്യക്തമാക്കുന്ന ഒരു തെളിവും ഹര്‍ജിക്കാര്‍ നല്‍കിയിട്ടില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തള്ളിയത്. കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ ഉപകരാര്‍ നല്‍കിയതും ഈ കമ്പനികളുടെ സാങ്കേതിക മികവിലടക്കം ചോദ്യങ്ങള്‍ ഉയര്‍ത്തിയുമായിരുന്നു ഹര്‍ജി.

ഗുരുതര ആരോപണങ്ങളായിരുന്നു കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ചത്. കോടതി മേല്‍നോട്ടത്തില്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് വി ഡി സതീശന്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എഐ കാമറ ഉള്‍പ്പടെ നിയമപരമായ നടപടികളിലൂടെയല്ല കരാറുകളും ഉപകരാറുകളും നല്‍കിയതെന്നാണ് ഹര്‍ജിയിലെ ആരോപണം. പൊതുനന്മയെ കരുതിയാണ് ഹര്‍ജി നല്‍കിയത്. എല്ലാ മാനദണ്ഡങ്ങളേയും മറികടന്നാണ് കരാര്‍. കണ്ണൂര്‍ ആസ്ഥാനമാക്കിയുള്ള ചില കറക്ക് കമ്പനികളാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. കെല്‍ട്രോണും എസ്ആര്‍ഐടിയും തമ്മില്‍ ഉണ്ടാക്കിയ കരാറും മോട്ടര്‍ വാഹന വകുപ്പ് കെല്‍ട്രോണുമായുണ്ടാക്കിയ കരാറും നിയമവിരുദ്ധമായതിനാല്‍ റദ്ദാക്കണം എന്നിവയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍. എന്നാല്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു.

എഐ കാമറ പദ്ധതിയില്‍ 132 കോടി രൂപയോളം അഴിമതി നടന്നതായാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. അതേസമയം പദ്ധതിയില്‍ 100 കോടിയുടെ അഴിമതിയുണ്ടായി എന്നായിരുന്നു വി ഡി സതീശന്റെ ആരോപണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാമറകളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ കരാറുകാര്‍ക്ക് പണം നല്‍കാവൂ എന്ന് കോടതി ആദ്യം നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് കരാറുകാര്‍ക്ക് ഘട്ടം ഘട്ടമായി പണം കൈമാറുന്നതിന് കോടതി അനുമതി നല്‍കുകയായിരുന്നു. 2023 ല്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button