
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് അന്ത്യം കുറിക്കാൻ മാനവികത കൈമോശം വരാത്ത മനുഷ്യരാകെ ഒരുമിച്ചു സ്വരമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നൃശംസത ഇനിയും തുടരാൻ അനുവദിച്ചുകൂടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയഭേദകരമായ വാർത്തകളാണ് ഗാസയിൽ നിന്നെത്തുന്നത്.
അടിയന്തര സഹായങ്ങൾ എത്തിച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ 14000ൽ അധികം കുഞ്ഞുങ്ങൾ മരണപ്പെടുമെന്നാണ് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം ഭക്ഷണവും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഇല്ലാതെ പലസ്തീനികൾ ദുരിതം അനുഭവിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മാസം മാത്രം 2000ൽ അധികം പലസ്തീനികളാണ് കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസം മാത്രം 200ൽ അധികം പേർ മരണപ്പെട്ടുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.