KeralaNews

‘കേരളത്തിന് അപമാനം, വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണം’ ; വിഎം സുധീരന്‍

യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രഖ്യാപനം ധീരമെന്ന് മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വിഎം സുധീരന്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെയും യുഡിഎഫിന്റെയും അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതാണ് സതീശന്റെ നിലപാടെന്നും സുധീരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘യുഡിഎഫ് അണികളിലും ജനാധിപത്യ മതേതര വിശ്വാസികളായ ജനങ്ങളിലും സതീശനുള്ള ഉറച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണിത്. തന്റെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പദം ദുരുപയോഗപ്പെടുത്തിവരുന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിക്കുള്ള സതീശന്റെ ഈ മറുപടി തികച്ചും പ്രസക്തവും അഭിനന്ദനാര്‍ഹവുമാണ്. ശ്രീനാരായണ ഗുരുസ്വാമികളുടെ മഹത്തായ സന്ദേശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഗുരുദേവന്‍ അരുത് എന്ന് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍മാത്രം ചെയ്തുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി, വര്‍ഗീയ വിഷം വമിപ്പിച്ചുകൊണ്ട് കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തെ വീണ്ടും വര്‍ഗീയ ഭ്രാന്താലയമാക്കാനാണ് വെള്ളാപ്പള്ളിയുടെ ഗൂഢശ്രമം.

ഇതുവഴി സമൂഹത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ച് മോദി-പിണറായി ദ്വയങ്ങളുടെ ദുര്‍ഭരണത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് വെള്ളാപ്പള്ളി കളമൊരുക്കുന്നത്. അതോടൊപ്പം തന്റെ തെറ്റായ ചെയ്തികള്‍ക്കതിരെ ഉണ്ടാകാവുന്ന നിയമപരമായ നടപടികളില്‍നിന്നും ഒഴിവാകുകയെന്ന ഗുഢലക്ഷ്യവും വച്ചുപുലര്‍ത്തുന്നുണ്ട്. നാടിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീനാരായണ ഗുരുസ്വാമികള്‍ നല്‍കിയ സന്ദേശങ്ങള്‍ക്കും ഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്കും എതിരെ എക്കാലത്തും പ്രവര്‍ത്തിച്ചുവരുന്ന വെള്ളാപ്പള്ളി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സമിതിയുടെ അധ്യക്ഷനായിരിക്കുന്നതു കേരളത്തിന് അപമാനകരമാണ്. നവോത്ഥാന നായകര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളോട് എന്തെങ്കിലും ആദരവുണ്ടെങ്കില്‍ സംസ്ഥാന നവോത്ഥാന സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നും വെള്ളാപ്പള്ളിയെ നീക്കംചെയ്യാന്‍ മുഖ്യമന്ത്രി പിണറായി തയ്യാറാകണം” സുധീരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button