NationalNews

കരൂരിൽ മാത്രം എങ്ങനെ പ്രശ്നമുണ്ടായി?’ ​സത്യം പുറത്തുവരും’; കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചന സൂചിപ്പിച്ച് വിജയ്

കരൂർ ദുരന്തത്തിന് പിന്നാലെ പ്രതികരണവുമായി നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്. നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് വിജയ് എക്സിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. ദുരന്തത്തിന് പിന്നാലെ ഇത് ആദ്യമായാണ് വിജയ് വിഡിയോയിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ഇതുപോലെയൊരു സിറ്റുവേഷൻ തനിക്ക് ഒരിക്കലും ഫെയ്സ് ചെയ്യേണ്ടി വന്നിട്ടില്ലെന്നും വിജയ് പറഞ്ഞു. കരൂരിൽ മാത്രം പ്രശ്നം എങ്ങനെ ഉണ്ടായെന്നും സത്യം ഉടനെ പുറത്തുവരുമെന്നും വിജയ് വിഡിയോയിൽ പറയുന്നു. പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വിജയ് പറഞ്ഞു. ഇങ്ങനെ ആണോ പ്രതികാരം ചെയ്യുന്നതെന്നും വിജയ് ചോദിച്ചു.

“എന്റെ ജീവിതത്തില്‍ ഇത്രയും വേദനയുണ്ടായൊരു സാഹചര്യം നേരിട്ടിട്ടില്ല. മനസില്‍ വേദന മാത്രം. ആളുകള്‍ കാണാന്‍ വന്നത് എന്നോടുള്ള വിശ്വാസവും സ്‌നേഹവും കാരണം. അതിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. അതിനാലാണ് മറ്റെന്തിനേക്കാളും ആളുകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയത്.

അതിനാലാണ് രാഷ്ട്രീയ കാരണങ്ങളെല്ലാം മാറ്റി വച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സാധിക്കുന്ന ഇടങ്ങള്‍ തെരഞ്ഞെടുത്തതും അനുമതി ചോദിച്ചതുമെല്ലാം. എന്നാല്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു. ഞാനും മനുഷ്യനാണ്. ആ സമയം അത്രയും പേരെ ബാധിക്കുന്ന വിഷമയുണ്ടാകുമ്പോള്‍ എങ്ങനെ അവിടെ നിന്നും പോരാന്‍ സാധിക്കും. തിരികെ അവിടേക്ക് പോയാല്‍ അത് കാരണം വേറെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ അത് ഒഴിവാക്കാനാണ് ശ്രമിച്ചത്.

സ്വന്തക്കാരെ നഷ്ടപ്പെട്ട് വേദനിക്കുന്നവരോടുള്ള ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു. എന്ത് പറഞ്ഞാലും മതിയാകില്ലെന്ന് അറിയാം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെല്ലാം വേഗത്തില്‍ സുഖപ്പെട്ട് തിരികെ വരണമെന്ന് ഞാന്‍ ഈ സമയം പ്രാര്‍ത്ഥിക്കുന്നു. ഉടനെ തന്നെ നിങ്ങളെയെല്ലാവരേയും കാണും. ഈ നേരം ഞങ്ങളുടെ വേദന മനസിലാക്കി സംസാരിച്ച രാഷ്ട്രീയ നേതാക്കള്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. അഞ്ച് മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോയിട്ടുണ്ട്.

എന്നാല്‍ കരൂരില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനൊരു സംഭവമുണ്ടായി? എല്ലാ സത്യവും പുറത്ത് വരണം. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. കരൂരിലെ ജനങ്ങള്‍ നടന്നത് പറയുമ്പോള്‍ ദൈവം തന്നെ ഇറങ്ങി വന്ന് സത്യം വിളിച്ച് പറയുന്നത് പോലെ എനിക്ക് തോന്നി. ഉടനെ തന്നെ സത്യം പുറത്ത് വരും. ഞങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്ത് പോയി നിന്ന് സംസാരിച്ചുവെന്നല്ലാതെ ഞങ്ങളൊന്നും ചെയ്തിട്ടില്ല.

എങ്കിലും ഞങ്ങളുടെ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കെതിരെ എഫ്‌ഐആറിട്ടു. സിഎം സാര്‍, നിങ്ങള്‍ക്ക് ആരെയെങ്കിലും ശിക്ഷിക്കണം എന്നുണ്ടെങ്കില്‍ എന്നെ എന്ത് വേണമെങ്കിലും ചെയ്യാം. അവരുടെ ദേഹത്ത് കൈ വെക്കരുത്. ഞാന്‍ വീട്ടില്‍ കാണും, ഇല്ലെങ്കില്‍ ഓഫീസില്‍ കാണും. സുഹൃത്തുക്കളേ ബഹുമാനപ്പെട്ടവരേ, നമ്മുടെ രാഷ്ട്രീയയാത്ര ഇനിയും ശക്തമായി തന്നെ മുന്നോട്ട് പോകും”.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button