
കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി നാളെ പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹര്‍ജിയിലെ ടിവികെയുടെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം. ടിവികെയുടെ ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. കോടതി തീരുമാനത്തിനുശേഷം തുടര്‍നടപടിയെടുക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, വിജയ് കരൂരിലെത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ടിവികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിര്‍മൽ കുമാര്‍ പ്രതികരിച്ചില്ല.
അതേസമയം, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്‍റെ തുടര്‍നടപടികളുടെ ഭാഗമായി പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. ക്രമസമാധാന ചുമതലയുള്ള തമിഴ്നാട് എഡിജിപി എസ്‍ ഡേവിഡ്സണിന്‍റെ നേതൃത്വത്തിലാണ് കരൂരിൽ യോഗം നടക്കുന്നത്. ആറ് എസ്‍പിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കരൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് യോഗം ചേരുന്നത്. കരൂരിൽ ടിവികെ അധ്യക്ഷനും സൂപ്പര്‍താരവുമായ വിജയ് യുടെ റാലിയിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ 39പേരാണ് മരിച്ചത്.
സംഭവത്തിൽ ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെ അടക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ ടിവികെയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആനന്ദ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിര്‍മൽ കുമാര്‍, കരുര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷൻ മതിയഴകൻ എന്നിവര്‍ക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വിജയ്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. വിജയ്‍യെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായ നടപടി ഉണ്ടാകില്ലെന്നാണ് സ്റ്റാലിൻ രാവിലെ വ്യക്തമാക്കിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപയും തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു.