
സിഖ് ആരാധനാലയമായ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നിന്നും വിഘടനവാദികളെ ഒഴിപ്പിക്കാന്‍ നടത്തിയ ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍ തെറ്റായ നടപടി ആയിരുന്നു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ആരാധനാലയം സുരക്ഷിതമാക്കാന്‍ സൈനിക നടപടി തെറ്റായ ആശയമായിരുന്നു. ‘ആ തെറ്റിന് ഇന്ദിരാ ഗാന്ധി തന്റെ ജീവന് നല്കി’ എന്നും പി ചിദംബരം പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ നടന്ന ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തില്‍ മാധ്യമ പ്രവര്ത്തകന് ഹരീന്ദര്‍ ബവേജയുടെ ‘ദേ വില്‍ ഷൂട്ട് യു, മാഡം’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ചിദംബരത്തിന്റെ പ്രതികരണം.
എന്നാല്‍, ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ ഇന്ദിരാ ഗാന്ധിയുടെ മാത്രം തെറ്റായിരുന്നില്ല എന്നും ചിദംബരം ചൂണ്ടിക്കാട്ടി. സൈന്യം, പൊലീസ്, രഹസ്യാന്വേഷണ വിഭാഗം, സിവില്‍ സര്‍വീസസ് തുടങ്ങിയ ഏജന്‍സികള്‍ എല്ലാം ചേര്‍ന്ന് കൈക്കൊണ്ട തീരുമാനമായിരുന്നു ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ എന്നും പി ചിദംബരം പറയുന്നു. സുവര്‍ണ്ണക്ഷേത്രം വീണ്ടെടുക്കാനുള്ള തെറ്റായ മാര്‍ഗമായിരുന്നു ഓപ്പറേഷന് ബ്ലൂസ്റ്റാര്‍. എന്നാല്‍, കുറച്ച് കാലങ്ങള്‍ കൊണ്ട് തന്നെ ആ തെറ്റ് തിരുത്തി. സൈന്യത്തെ പിന്‍വലിച്ചു. എന്നാല്‍, അന്ന് വന്ന പിഴവിന് ഇന്ദിരാ ഗാന്ധി തന്റെ ജീവന് പണയപ്പെടുത്തുകയാണ് ഉണ്ടായത് എന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പഞ്ചാബിലെ ഖലിസ്ഥാന്‍ വിഘടനവാദ സംഘടനകളുടെ പ്രവര്‍ത്തനം അവസാനിച്ചെന്നും ചിദംബരം ചൂണ്ടിക്കാട്ടി. നിലവില്‍ പഞ്ചാബ് നേരിടുന്ന പ്രധാന പ്രശ്നം സാമ്പത്തിക വെല്ലുവിളികളും അനധികൃത കുടിയേറ്റവുമാണെന്നും അദ്ദേഹം പറഞ്ഞു.