KeralaNews

കലാകാരന്‍മാര്‍ക്കെതിരെ ആര്‍എസ്എസ്, ബിജെപി നേതൃത്വം സ്വീകരിക്കുന്ന നിലപാട് ചോദ്യം ചെയ്യണം ; സന്ദീപ് വാര്യര്‍

കലാകാരന്‍മാര്‍ക്കെതിരെ ആര്‍എസ്എസ്, ബിജെപി നേതൃത്വം സ്വീകരിക്കുന്ന നിലപാട് ചോദ്യം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം മൂന്ന് കലാകാരന്‍മാരെ അവര്‍ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചെന്ന് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

രാജ്യദ്രോഹികള്‍ എന്ന് കലാകാരന്‍മാരെ മുദ്രകുത്തുമ്പോള്‍ സാംസ്‌കാരിക കേരളം എന്തുകൊണ്ട് മൗനികളാകുന്നു എന്ന് സന്ദീപ് വാര്യര്‍ ചോദിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണ് അഖില്‍ മാരാറിനെ വിമര്‍ശിക്കാന്‍ കാരണം. അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ മാധ്യമം പത്രത്തിന്റെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തതാണ് രാജ്യദ്രോഹിയായി പ്രഖ്യാപിക്കാന്‍ കാരണം. ആര്‍എസ്എസിന്റെ ഔദ്യോഗിക മുഖപത്രം തന്നെയാണ് മോഹന്‍ലാലിനെയും രാജ്യദ്രോഹിയാക്കിക്കളഞ്ഞതെന്നും സന്ദീപ് വാര്യര്‍ പറയുന്നു. സന്ദീപ് വാര്യരെ അനുകൂലിച്ചും എതിര്‍ത്തും കമന്റുകള്‍ നിറയുകയാണ്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ഇന്നലെ ഒരു ദിവസം കൊണ്ട് കേരളത്തിലെ ബിജെപി ആര്‍എസ്എസ് നേതൃത്വം രാജ്യദ്രോഹികളായി പ്രഖ്യാപിച്ചത് മൂന്ന് കലാകാരന്മാരെയാണ്. വേടന്‍, അഖില്‍ മാരാര്‍, മോഹന്‍ലാല്‍ എന്താണ് വേടന്‍ ചെയ്ത രാജ്യദ്രോഹം?ജാതിവെറിക്കും അസ്പൃശ്യതക്കും എതിരായ നിലപാട് ശക്തമായ വരികളിലൂടെ യുവാക്കള്‍ക്കിടയില്‍ എത്തിച്ചു. അവരത് ഏറ്റെടുത്തു. സംഘപരിവാറിന് സഹിച്ചില്ല. സ്വാഭാവികമായും ഇഷ്ടമല്ലാത്തവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വച്ച് വേടനെയും അവര്‍ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു.

രണ്ട് അഖില്‍ മാരാരാണ്. തന്റേതായ അഭിപ്രായങ്ങള്‍ വെട്ടി തുറന്നുപറയുന്ന യുവ കലാകാരന്‍. ആരെയും ഭയക്കാത്ത പ്രകൃതമുള്ള അഖില്‍ മാരാര്‍ കേന്ദ്രസര്‍ക്കാരിന് മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ള , എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങള്‍ ചോദിച്ചു. അതോടെ അഖില്‍ മാരാരും രാജ്യദ്രോഹിയായി. ബിജെപിയുടെ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി കാല്‍പ്പായ കടലാസില്‍ പരാതി എഴുതി കൊടുക്കേണ്ട താമസം, പിണറായി വിജയന്റെ പോലീസ് രാജ്യദ്രോഹ കേസെടുത്തു.

മൂന്ന് മോഹന്‍ലാലാണ്. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ മാധ്യമം പത്രത്തിന്റെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തതാണ് രാജ്യദ്രോഹിയായി പ്രഖ്യാപിക്കാന്‍ കാരണം. അതും ആര്‍എസ്എസിന്റെ ഔദ്യോഗിക മുഖപത്രം തന്നെയാണ് മോഹന്‍ലാലിനെയും രാജ്യദ്രോഹിയാക്കിക്കളഞ്ഞത്.സാംസ്‌കാരിക കേരളത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്. കേരളത്തിലെ മൂന്ന് കലാകാരന്മാരെ, പൊതുസമൂഹം ഇഷ്ടപ്പെടുന്ന മൂന്നു പേരെ, സംഘപരിവാര്‍ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തി വേട്ടയാടുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ മൗനമായിരിക്കാന്‍ സാധിക്കുന്നു?

മലയാളി യുവതി യുവാക്കളോടാണ് എനിക്ക് പറയാനുള്ളത്.. ബിജെപിയും ആര്‍എസ്എസും ചിന്തിക്കുന്ന യുവതി യുവാക്കള്‍ക്കെതിരാണ്. അവരുടെ പുതുവഴികള്‍ക്കും സംഗീതത്തിനും എതിരാണ്. വേടനതിരായ സംഘപരിവാര്‍ ആക്രമണം സൂചിപ്പിക്കുന്നത് യുവാക്കള്‍ രാഷ്ട്രീയം പറയുന്നതുപോലും അവര്‍ ഭയക്കുന്നു എന്നാണ്. അതുകൊണ്ട് ഒറ്റക്കെട്ടായി മലയാളി യുവത ബിജെപിയെയും ആര്‍എസ്എസിനെയും തള്ളിക്കളയണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button