
ഷാഫി പറമ്പിലിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൻ.എസ്.എസ്. നിലപാട്, അയ്യപ്പ സംഗമം, വർഗീയത തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പ്രതികരിച്ചു. കണ്ണൂർ ഡി.സി.സി. ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.എസ്.എസ്സുമായി കോൺഗ്രസിനോ യു.ഡി.എഫിനോ യാതൊരു തർക്കവുമില്ലെന്ന് സതീശൻ വ്യക്തമാക്കി. “എന്‍.എസ്.എസ്. അവരുടെ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. അത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സാമുദായിക സംഘടനകളുമായും യു.ഡി.എഫിന് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒരു വർഗീയതയോടും മൃദുസമീപനം സ്വീകരിക്കാത്ത മുന്നണിയാണ് യു.ഡി.എഫ്. എന്ന് അവകാശപ്പെട്ട സതീശൻ, ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരേപോലെയാണ് എതിർക്കുന്നതെന്നും ഈ നിലപാടില്‍ വെള്ളം ചേർക്കാൻ തയ്യാറല്ലെന്നും പറഞ്ഞു. എന്നാൽ, ജമാഅത്തെ ഇസ്‌ലാമിയെ വർഗീയ കക്ഷിയല്ലെന്ന് പറഞ്ഞ് കൂടെക്കൂട്ടിയ ആളാണ് വി.ഡി. സതീശന്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പിലടക്കം ജമാഅത്തെ ഇസ്‌ലാമി യു.ഡി.എഫിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, വർഗീയതയിൽ വിട്ടുവീഴ്ചയില്ലെന്ന സതീശന്‍റെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്നും വിമർശനമുണ്ട്…