KeralaNews

‘എൽ ഡി എഫ് സർക്കാരുകൾ സൃഷ്ടിച്ചത് സാമൂഹ്യ സുരക്ഷാ പെൻഷൻ വിപ്ലവം’: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു സമഗ്ര ക്ഷേമസംസ്ഥാനമായി മാറ്റാനുള്ള കാഴ്ചപ്പാടിലാണ് സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ സംവിധാനം വിപുലീകരിക്കുകയും നൂതന പരിഷ്കാരങ്ങൾ നടപ്പാക്കുകയും ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാവർക്കും പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസരം എന്നിവ ഉറപ്പാക്കിയ ജനപക്ഷ സർക്കാരാണ് എൽഡിഎഫ് സർക്കാർ. ഇത്തരം വികസന കാഴ്ചപ്പാടിന്റെ പ്രധാന ഭാഗമാണ് സാമൂഹ്യ സുരക്ഷാ പെൻഷനെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ അഞ്ചു വിഭാഗങ്ങൾക്കാണ്‌ സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നത്‌. കർഷകത്തൊഴിലാളി പെൻഷൻ, അമ്പത്‌ വയസ്‌ കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ, വിധവ പെൻഷൻ എന്നിവ സാമൂഹിക സുരക്ഷാ പെൻഷന്റെ ഭാഗമാണ്‌. ഇതിൽ ആദ്യത്തെ രണ്ട്‌ വിഭാഗവും കേരളം സ്വന്തം നിലയിൽ പ്രഖ്യാപിച്ച്‌ നടപ്പാക്കിയിട്ടുള്ള പെൻഷനാണ്‌.

ഇതിനുപുറമെയാണ്‌ 16 തൊഴിൽ വിഭാഗങ്ങളിലെ വിരമിച്ച തൊഴിലാളികൾക്ക്‌ ക്ഷേമ പെൻഷൻ നൽകുന്നത്‌. കർഷകർ, ക്ഷീര കർഷകർ, മത്സ്യതൊഴിലാളികൾ, ലോട്ടറി തൊഴിലാളികൾ, കയർ തൊഴിലാളികൾ, ഖാദി തൊഴിലാളികൾ, വ്യാപാരികൾ, അസംഘടിത തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ആഭരണ തൊഴിലാളികൾ, ചെറുകിട തോട്ടം തൊഴിലാളികൾ, ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളികൾ, ബീഡി ചുരുട്ട്‌ തൊഴിലാളികൾ, തയ്യൽ തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, കശുവണ്ടിതൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്കാണ്‌ ക്ഷേമ നിധി ബോർഡുകൾക്ക്‌ മതിയായ സാമ്പത്തിക ബലം ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ പെൻഷൻ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പെൻഷൻ ഡാറ്റാബേസിൽ നിലവിൽ 63.67 ലക്ഷം പേരുടെ വിവരങ്ങളുണ്ട്. മസ്റ്ററിങ് ചെയ്ത 62 ലക്ഷം ഗുണഭോക്താക്കൾക്കാണ് പെൻഷൻ വിതരണം ചെയ്യുന്നത്. ഇവരിൽ 63% സ്ത്രീകളാണ്, എന്നത് സാമൂഹിക സുരക്ഷയുടെ സ്ത്രീപക്ഷ നിലപാടും വ്യക്തമാക്കുന്നു.

2011–2016 കാലം കേരളം ഭരിച്ചിരുന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള
യു.ഡി.എഫ് സർക്കാർ പെൻഷൻ നൽകിയിരുന്നത് 34,43,414 പേർക്കാണ്. മാസം 600 രൂപ നിരക്കിൽ 9,011 കോടി രൂപയാണ് ചെലവഴിച്ചത്. 2016–2021 കാലയളവിലെ ഒന്നാം പിണറായി സർക്കാർ പെൻഷൻകാരുടെ എണ്ണം ഘട്ടം ഘട്ടമായി 60 ലക്ഷമാക്കി ഉയർന്നു. 600 രൂപ എന്ന പെൻഷൻ തുക 1600 ആക്കി. അഞ്ച് വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ പെൻഷനായി വിതരണം ചെയ്തത് 35,154 കോടി രൂപയാണ്. രണ്ടാം പിണറായി സർക്കാർ ഇതുവരെ 62 ലക്ഷം പെൻഷൻകാർക്ക് 1600 രൂപ നിരക്കിൽ 37,582 കോടി രൂപ വിതരണം ചെയ്തു. 2016-ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ 18 മാസത്തെ പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നു. എൽ.ഡി.എഫ് അധികാരത്തിൽ വന്നതിന് പിന്നാലെ ആ കുടിശ്ശിക തീർത്തതായും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button