KeralaNews

കെ സി വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി; വി ശിവൻകുട്ടി

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ക്ഷേമ പെന്‍ഷനെതിരെയുള്ള പരാമര്‍ശത്തിനെതിരെ വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ക്ഷേമപെന്‍ഷന്‍ കൈക്കൂലി ആക്കിയെന്ന പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തെ കെ സി വേണുഗോപാല്‍ അപഹസിക്കുകയാണെന്നും തിരഞ്ഞെടുപ്പ് പരാജയഭീതി കൊണ്ടാണ് പദ്ധതിയെ കെ സി വേണുഗോപാല്‍ പരിഹസിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കെ സി വേണുഗോപാലിനെതിരെ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും രംഗത്തെത്തിയിരുന്നു. ഒരു രാഷ്ട്രീയ നേതാവും പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് യുഡിഎഫ് നേതൃത്വത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം ആളുകള്‍ വെറും മണ്ടന്‍മാരല്ലെന്നും ജനങ്ങളെ വില കുറച്ചു കാണാമോയെന്നും കെ എന്‍ ബാലഗോപാല്‍ ചോദിച്ചു.

‘പ്രസ്താവനയില്‍ കെ സി വേണുഗോപാലും കോണ്‍ഗ്രസ് നേതൃത്വവും മാപ്പ് പറയണം. ക്ഷേമ പെന്‍ഷന്‍ കേരളത്തില്‍ മാതൃകാപരമായി നല്‍കുന്നു. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത് കോണ്‍ഗ്രസിന് ഇഷ്ടപ്പെടുന്നില്ല എന്നാണ് അര്‍ത്ഥം. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. വികസന കാര്യങ്ങള്‍ കോണ്‍ഗ്രസിന് പറയാനില്ല’, കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.ക്ഷേമ പെന്‍ഷനെ തിരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാക്കിയെന്നായിരുന്നു കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വെന്‍ഷനില്‍ പറഞ്ഞത്. സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button