
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ സന്ദര്‍ശനം കേരളത്തിലെയും ഇന്ത്യയിലെയും ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ചരിത്രസംഭവമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണിതെന്നും ഫുട്‌ബോള്‍ രംഗത്തിന് വലിയ വളര്‍ച്ചയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
‘മെസിയുമായി കൂടുതല്‍ ആശയവിനിമയം നടത്തേണ്ടത് സ്‌കൂള്‍ കുട്ടികളാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് കളി കാണാനും പരിപാടികളില്‍ സംബന്ധിക്കാനും അവസരം ഒരുക്കണം. അതിനുവേണ്ടിയുള്ള ആലോചനകള്‍ നടത്തണം. ഭാവിയുടെ ഫുട്‌ബോള്‍ താരങ്ങള്‍ ആകേണ്ടത് കുട്ടികളാണ്. വിരമിച്ചവരെ കൊണ്ട് കാണിച്ചിട്ട് കാര്യമില്ലല്ലോ’, ശിവന്‍കുട്ടി പറഞ്ഞു.
ഇക്കാര്യം കായിക മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ എന്ത് നല്ലത് കൊണ്ടുവന്നാലും അതിനെ ബഹിഷ്‌കരിക്കുന്ന നിലപാടാണ് ഒരു കൂട്ടര്‍ എടുക്കുന്നതെന്നും ആ ബഹിഷ്‌കരണത്തിന്റെ ഭാഗമായി വലിയ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്തുള്ള എല്ലാ താരങ്ങളെയും സ്‌നേഹിക്കുന്ന ആളാണ് താനെന്നും കായികമന്ത്രിക്ക് വേണ്ട എല്ലാ പിന്തുണയും വിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ജില്ലയും നല്‍കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.