
എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. പുതിയ തലമുറ മത്സരിക്കട്ടേയെന്നും വി എം സുധീരന്‍ പറഞ്ഞു. നല്ലൊരു യുവ നേതൃത്വം കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രൂപ്പിസത്തിന്റെ കെടുതികള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അറിയാമെന്നും ഗ്രൂപ്പിന് അതീതമായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും വി എം സുധീരന്‍ പറഞ്ഞു. വി എം സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സുധീരന്റെ പ്രതികരണം.
വി എം സുധീരനെ അരുവിക്കരയോ കഴക്കൂട്ടത്തോ മത്സരിപ്പിക്കാനാണ് ആലോചന. മുല്ലപ്പള്ളി രാമചന്ദ്രനെ നാദാപുരത്ത് മത്സരിപ്പിക്കാനാണ് ആലോചന. അതേസമയം ഭൂരിഭാഗം എംപിമാരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എംപിമാര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയേക്കില്ല. എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
കണ്ണൂരില്‍ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍, പാലക്കാട് ഷാഫി പറമ്പില്‍, ആറന്മുളയില്‍ ആന്റോ ആന്റണി, അടൂരില്‍ കൊടിക്കുന്നില്‍ സുരേഷ്, കോന്നിയില്‍ അടൂര്‍ പ്രകാശ്, തിരുവനന്തപുരത്ത് നിന്നും മത്സരിക്കാന്‍ ശശി തരൂര്‍ എംപിക്കും താല്‍പര്യമുണ്ടെന്നാണ് വിവരം. എംപിമാര്‍ മത്സരസന്നദ്ധത എഐസിസിയെ അറിയിച്ചതായാണ് സൂചന. ഭൂരിപക്ഷം നേതാക്കളും മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നതിനൊപ്പം തന്നെ ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ കൂടി ചില മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.
കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞഘട്ടത്തില്‍ തന്നെ നിയമസഭയിലേക്ക് മത്സരിക്കാന്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചിരുന്നു. സുധാകരന്‍ അഴീക്കോട് മത്സരിക്കട്ടെയെന്ന അഭിപ്രായവും നേതാക്കള്‍ക്കിടയിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിലായിരുന്നു ഷാഫി പറമ്പില്‍ പാലക്കാട് വിട്ട് വടകരയിലേക്കെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കാന്‍ ഷാഫി നേതൃത്വത്തെ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.
കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണിയുടെ പേര് അവസാനഘട്ടം വരെ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒടുക്കം സണ്ണി ജോസഫിനെ തീരുമാനിക്കുകയായിരുന്നു. അന്ന് ആന്റോ ആന്റണിക്ക് വേണ്ട പരിഗണന നല്‍കുമെന്ന് എഐസിസി പറഞ്ഞിരുന്നു. ഈ ആനുകൂല്യം ആന്റോ ആന്റണി നിയമസഭാ സ്ഥാനാര്‍ത്ഥി ചര്‍ച്ചാ ഘട്ടത്തില്‍ ഉപയോഗപ്പെടുത്തിയേക്കും.
കോന്നിയില്‍ അടൂര്‍ പ്രകാശ് മത്സരിച്ചാല്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവര്‍ത്തകരും. ഏറെകാലമായി രാജ്യതലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കൊടിക്കുന്നിലിന് കേരളത്തില്‍ സജീവമാകാന്‍ താല്‍പ്പര്യമുണ്ട്. ഈ സാഹചര്യത്തിലാണ് അടൂര്‍ കേന്ദ്രീകരിച്ച് കൊടിക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും മത്സരിക്കാന്‍ ശശി തരൂരും സന്നദ്ധത അറിയിച്ചിട്ടുണ്ട്.