KeralaNews

സംസ്ഥാന സര്‍ക്കാരിന്റെ പൊതുജന സമ്പര്‍ക്ക പരിപാടി ; ‘വികസന സദസുമായി മുന്നോട്ടുപോകാന്‍ തയ്യാറെടുത്ത് മുസ്ലീം ലീഗ്

സംസ്ഥാന സര്‍ക്കാരിന്റെ പൊതുജന സമ്പര്‍ക്ക പരിപാടിയായ ‘വികസന സദസുമായി മുന്നോട്ടുപോകാന്‍ തയ്യാറെടുത്ത് മുസ്ലീം ലീഗ്. മലപ്പുറം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സര്‍ക്കാരിന്റെ പൊതുജന സമ്പര്‍ക്കമാണെന്ന് പറഞ്ഞ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനിച്ചിരുന്നു. എന്നാല്‍ മലപ്പുറത്തെ ലീഗ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസന സദസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ വികസന നേട്ടങ്ങള്‍ കാണിക്കാനുള്ള അവസരമായാണ് ഇതിനെ കാണേണ്ടതെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.

ഔദ്യോഗിക സര്‍ക്കുലറിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്, ലീഗ് ഭരിക്കുന്ന മംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് തിരിച്ചുള്ള പദ്ധതികളുടെ വിശദമായ റിപ്പോര്‍ട്ട് ശനിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. വികസന സദസിനുള്ള ബജറ്റ് പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നാണെന്ന്് മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി പി കുഞ്ഞുട്ടി ടിഎന്‍ഐഇയോട് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങളുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിച്ചില്ല. ഓരോ വാര്‍ഡിലെയും വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകളാണ് പ്രസിദ്ധീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 20 നും ഒക്ടോബര്‍ 20 നും ഇടയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സദസ് നടത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. മലപ്പുറത്തെ 94 പഞ്ചായത്തുകളിലും 12 മുനിസിപ്പാലിറ്റികളിലുമായി 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് വികസന സദസ് നടത്തുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവ തിയതി നിശ്ചയിക്കാന്‍ തയ്യാറെടുക്കുകയാണ്. നിര്‍മ്മത്തൂര്‍ പോലുള്ള യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പോലും സ്വാഗത സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. അതേസമയം ലീഗ് ഭരിക്കുന്ന താനൂര്‍ മുനിസിപ്പാലിറ്റി പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്. ‘വികസന സദസ് നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. നിലവില്‍ പാര്‍ട്ടിയില്‍ നിന്ന് ഞങ്ങളുടെ തീരുമാനത്തിനെതിരെ ഒരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ല, താനൂര്‍ നഗരസഭ വൈസ് പ്രസിഡന്റും ഐയുഎംഎല്‍ നേതാവുമായ സുബൈദ സി കെ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രവര്‍ത്തന രീതിയോടുള്ള ഐയുഎംഎല്ലിന്റെ വര്‍ദ്ധിച്ചുവരുന്ന അതൃപ്തിയുടെയും മലപ്പുറത്തെ ലീഗിലെ സംഭവവികാസങ്ങളുടെയും ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇരു പാര്‍ട്ടികളും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുന്നതിലേക്ക് ലീഗിന്റെ പുതിയ തീരുമാനം വിരല്‍ ചൂണ്ടുന്നു. സദസ് വിജയകരമാക്കണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്‍ ഹമീദ് വിവാദം സൃഷ്ടിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button