
തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയുമാണ് സഹായധനമായി പ്രഖ്യാപിച്ചത്. സഹായധനം ജീവൻ നഷ്ടമായതിന് പരിഹാരമല്ലെന്നും എല്ലാ സഹായവും ടിവികെ നൽകുമെന്നും വിജയ് എക്സിൽ കുറിച്ചു. അതേസമയം, കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. ടിവികെ നേതാക്കളുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും. അടുത്തയാഴ്ച കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിൽ നടത്താനിരുന്ന പര്യടനാണ് വിജയ് നിര്‍ത്തിവെച്ചത്. തിങ്കളാഴ്ച കോടതി കടുത്ത പരാമർശങ്ങൾ നടത്തുമെന്ന ആശങ്കയിലാണ് ടിവികെ വൃത്തങ്ങൾ. കരൂരിൽ നിന്ന് ഇന്നലെ രാത്രിയോടെ മടങ്ങിയ വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്.
അതേസമയം, കരൂര്‍ ദുരന്തത്തിൽ ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തെങ്കിലും ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. വിജയ്‍യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് ധാരണ. നാളെ കോടതിയിൽ സര്‍ക്കാര്‍ വിഷയം ഉന്നയിച്ചേക്കും. കോടതി നിർദേശം വരെ കാത്തിരിക്കാമെന്നാണ് തീരുമാനം. കോടതി സ്വമേധയാ കേസെടുക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ കണക്കുകൂട്ടുന്നു.വിജയ്ക്ക് അനുകൂലമായി സഹതാപ വികാരം ഉയർത്തേണ്ടെന്നാണ് ഇപ്പോഴത്തെ ധാരണ.