KeralaNews

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രി അദാനിയെ പാര്‍ട്ണര്‍ :പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ടി. എം തോമസ്

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രി അദാനിയെ പാര്‍ട്ണര്‍ എന്നു വിശേഷിപ്പിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ ടി. എം തോമസ് ഐസക്ക്. ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ കോമാളിത്തരത്തേക്കാള്‍ അധികപ്രസംഗമായി തോന്നിയത് പ്രധാനമന്ത്രിയുടെ പരിഹാസമാണ്. മോദിക്ക് കേരളത്തിന്റെ ചരിത്രം അറിയില്ല എന്നും തോമസ് ഐസക്ക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

1957-ല്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഇന്ന് അദാനിയെപ്പോലെ അന്ന് ബിര്‍ളയെ നഖശിഖാന്തം കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ മാവൂര്‍ റയോണ്‍സ് ഫാക്ടറി സ്ഥാപിക്കാന്‍ ബിര്‍ളയെ ക്ഷണിക്കുന്നതിനു മടിച്ചില്ല. ക്ഷണിക്കുക മാത്രമല്ല, അസംസ്‌കൃത വസ്തുക്കളും മറ്റും ലഭ്യമാക്കുന്നതില്‍ പ്രത്യേക ഇളവും നല്‍കി. ചെറിയ വിവാദമല്ല ഇത് രാജ്യത്ത് സൃഷ്ടിച്ചത്. അന്നും ഇന്ന് മോദി ചെയ്തതുപോലെ കമ്മ്യൂണിസ്റ്റുകാരെ പരിഹസിക്കാന്‍ ഏറെപേര്‍ ഉണ്ടായിരുന്നു.

ഏതാനും ശിങ്കിടി മുതലാളിമാരെ ആഗോള കമ്പനികളായി വളര്‍ത്തുന്നതാണ് രാജ്യത്തിന്റെ വികസനത്തിനുള്ള കുറുക്കുവഴിയായി നരേന്ദ്രമോദി കാണുന്നത്. രാജ്യത്തെ പൊതുമേഖലയും പൊതുസ്വത്തും ഇവര്‍ക്ക് തീറെഴുതുന്നു. വിദേശ രാജ്യങ്ങളില്‍ ഇവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു മുന്‍കൈയെടുക്കുന്നു. ഈ സമീപനത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് അദാനി. അത് ഇനിയും തുറന്നുകാണിക്കും.

മേല്‍പ്പറഞ്ഞ ശിങ്കിടിമുതലാളിത്തം നയമായി അംഗീകരിച്ചുള്ള ഫെഡറല്‍ സംവിധാനത്തിനുള്ളിലാണ് കേരളം പ്രവര്‍ത്തിക്കുന്നത്. ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ട് കേരളത്തിനു നേട്ടമുണ്ടാക്കാന്‍ എന്താണോ വേണ്ടത് അതു ചെയ്യും. ഫെഡറല്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധ്യമായൊരു ബദല്‍ വികസനപാത സ്വീകരിക്കുകയും ചെയ്യും. തോമസ് ഐസക്ക് വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യമെടുത്താല്‍- 1996-ലെ നായനാര്‍ സര്‍ക്കാരാണ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു മുന്‍കൈയെടുത്തത്. പിന്നീട് വിഎസ് സര്‍ക്കാരിന്റെ കാലത്ത് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും നടക്കാതെ പോയത് അന്ന് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതുകൊണ്ടു മാത്രമാണ്. 2015-ല്‍ യുഡിഎഫ് സര്‍ക്കാര്‍ അദാനിയുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് നിശിതമായ വിമര്‍ശനം ഞങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല, മുതല്‍മുടക്കിന്റെ സിംഹപങ്കും വഹിക്കുന്ന കേരളത്തിന് 20 കൊല്ലം കഴിഞ്ഞേ നേരിട്ടുള്ള ലാഭത്തിന്റെ നക്കാപ്പിച്ച കിട്ടൂ. ഏതാണ്ട് 40 വര്‍ഷക്കാലം ഇങ്ങനെ തുച്ഛമായ ലാഭവിഹിതംകൊണ്ട് കേരളം തൃപ്തിയടയണം.

പക്ഷേ, ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ ”വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കുമ്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് ഞങ്ങള്‍ കൈക്കൊണ്ടത്. വികസന കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവു വേണ്ട എന്ന നയമാണു കൈക്കൊണ്ടത്. അതു പ്രകാരമാണ് 2016-ല്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകള്‍ എടുത്തത്. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയില്‍ യാഥാര്‍ത്ഥ്യമാക്കി മാറ്റിയത്.”

അദാനിയെ വിമര്‍ശിക്കുമ്പോഴും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെ ചെറുത്തപ്പോഴും കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു തടസ്സമില്ലാതിരിക്കാന്‍ ശ്രദ്ധിച്ചു. കരാര്‍ പ്രകാരം 2045-ല്‍ പൂര്‍ത്തീകരിക്കേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2028-ല്‍ പൂര്‍ത്തീകരിക്കാനുള്ള ലക്ഷ്യമിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തനം. ഇതില്‍ അദാനിയുമായി യോജിച്ചു പ്രവര്‍ത്തിക്കും. ആ രാഷ്ട്രീയ നിലപാടിനെ പ്രധാനമന്ത്രി പരിഹസിക്കേണ്ടതില്ല.

കേരള വികസനത്തെ എങ്ങനെ തടസ്സപ്പെടുത്താം എന്നുള്ളതാണ് മോദിയുടെയും നാഗ്പൂരിലെ ശിങ്കിടികളുടെയും ഗവേഷണം. കിഫ്ബിയെ തകര്‍ക്കാനുള്ള നടപടി തന്നെ ഏറ്റവും നല്ല ഉദാഹരണം. തന്റെ സ്വന്തക്കാരന്‍ അദാനിയുടെ പോര്‍ട്ട് ആയിരുന്നിട്ടുപോലും മൊത്തം ചെലവിന്റെ 10 ശതമാനം വയബിലിറ്റി ഗ്യാപ്പ് ഫണ്ടായി നല്‍കാമെന്നു പറഞ്ഞിരുന്നതില്‍ നിന്നുപോലും കേന്ദ്രം അവസാനം പിന്‍മാറി. അത് തിരിച്ചടയ്‌ക്കേണ്ട വായ്പയായിട്ടാണ് കേന്ദ്രം നല്‍കുന്നത്. അങ്ങനെ നോക്കുമ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രത്തിന്റെ സഹായം വട്ടപ്പൂജ്യം ആണ്. എന്നിട്ടാണ് സ്റ്റേജില്‍ നിന്നൊരു കോമാളി മുദ്രാവാക്യം മുഴക്കി കേന്ദ്ര സര്‍ക്കാരിനെ അഭിവാദ്യം ചെയ്തത്. തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button