KeralaNews

ഭരണവിരുദ്ധ വികാരം ഇല്ല,കണക്ക് പൂര്‍ണ്ണമായും തെറ്റി;നിലമ്പൂര്‍ തോല്‍വിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

നിലമ്പൂര്‍ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത് ഭരണ വിരുദ്ധ വികാരം അല്ലെന്ന വിലയിരുത്തലില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തല്‍. എന്നാല്‍ നിലമ്പൂരില്‍ സര്‍ക്കാരിന്‍റെ ഭരണം നേട്ടം വേണ്ടത്ര ജനങ്ങളില്‍ എത്തിയില്ലെന്ന വിലയിരുത്തല്‍ സെക്രട്ടറിയേറ്റിനുണ്ട്.

20000ത്തോളം വോട്ട് പി വി അന്‍വര്‍ നേടുമെന്ന് മനസ്സിലാക്കാന്‍ പറ്റാത്തത് വീഴ്ചയാണ്. വോട്ടെടുപ്പിന് ശേഷം താഴെത്തട്ടില്‍ നിന്ന് നല്‍കിയ കണക്ക് പൂര്‍ണ്ണമായും തെറ്റിയത് പിഴവാണ്. ഭൂരിപക്ഷം 10000ത്തിന് മുകളില്‍ പോയത് മുസ്ലിം ലീഗിന്‍റെ ശക്തികൊണ്ടാണ്. പരമ്പരാഗത യുഡിഎഫ് മണ്ഡലത്തില്‍ പരാജയപ്പെട്ടത് വലിയ തിരിച്ചടിയല്ല. പാര്‍ട്ടി വോട്ടില്‍ വിള്ളല്‍ വീഴാത്തത് ആശ്വാസകരമെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി. അതേ സമയം മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രചാരണം നടത്തിയത് നേട്ടമായെന്നൊരു വിലയിരുത്തല്‍ സിപിഐഎമ്മിനുണ്ട്\

ജൂൺ 23ന് നടന്ന വോട്ടെണ്ണലിൽ 11,077 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. ഷൗക്കത്ത് 77,737 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ 19,760 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8,648 വോട്ടുകളും നേടി. നിലമ്പൂരിലെ പരാജയത്തോടെ കേരള നിയമസഭയിലെ എല്‍ഡിഎഫ് അംഗങ്ങളുടെ എണ്ണം 99ല്‍ നിന്ന് 98 ആയി ചുരുങ്ങി.

വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകൽ ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button