
വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും തുടരെയുള്ള ഒന്‍പതു വര്‍ഷങ്ങളാണ് പിന്നിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നു വെല്ലുവിളിച്ചവര്‍ ഇപ്പോള്‍ നിശബ്ദരായി. ലോകഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാക്കി. തറക്കല്ലിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെങ്കിലും പദ്ധതിയുടെ നിര്‍മ്മാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലം മുതലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞു.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്നത്തേക്ക് നാലു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. 2016ലെ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഈ സര്‍ക്കാരും. വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും തുടരെയുള്ള ഒന്‍പതു വര്‍ഷങ്ങളാണ് പിന്നിട്ടിരിക്കുന്നത്. സമഗ്രവും സര്‍വ്വതലസ്പര്‍ശിയുമായ വികസനത്തിന്റേയും സമത്വവും സാഹോദര്യവും അന്വര്‍ത്ഥമാക്കുന്ന സാമൂഹ്യപുരോഗതിയുടേയും സന്ദേശമാണ് ഈ സന്ദര്‍ഭത്തില്‍ കേരളം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
നവകേരളമെന്ന സ്വപ്നത്തിലേക്ക് ഉറച്ച ചുവടുവയ്പ്പുകളോടെ നാം മുന്നേറുകയാണ്. നവകേരളം എന്നത് അവ്യക്തമായതോ, അതിശയോക്തിപരമായതോ ആയ ഒരു സങ്കല്പമല്ല. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള സുവ്യക്തമായ കാഴ്ചപ്പാടാണ്. സാമ്പത്തിക വികസനവും സാമൂഹ്യപുരോഗതിയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന, സമത്വവും നീതിയും മാനവികതയും പുലരുന്ന ഇടമാണ് നവകേരളം. അതിലേയ്ക്ക് നമ്മെ നയിക്കുന്ന നയമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി എല്ലാ വാര്‍ഷിക വേളയിലും പൊതുസമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നു എന്നതാണ് ഈ സര്‍ക്കാരിന്റെ ഒരു സവിശേഷത. അത് ഈ വര്‍ഷവും തുടരുകയാണ്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വാര്‍ഷികാഘോഷ സമാപനറാലിയില്‍ ഈ വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും.
കോവിഡ് മഹാമാരിയുടെ തുടര്‍ച്ചയായി ആഗോളതലത്തില്‍ ആരോഗ്യ, സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ ഉള്‍പ്പെടെ വലിയ തകര്‍ച്ച നേരിട്ടു. അതിനെ അതിജീവിച്ചുകൊണ്ടാണ് 2021-ന് ശേഷം കേരളം മുന്നോട്ടുനീങ്ങുന്നത്. ഇതിനുപുറമെയാണ് സാമ്പത്തിക രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍. അര്‍ഹമായ പലതും തടഞ്ഞുവെച്ച് സംസ്ഥാനത്തെ ഞെരുക്കുകയാണ് കേന്ദ്രം. സമരം ചെയ്തും നിയമ പോരാട്ടം നടത്തിയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നാം. സമാനതകളില്ലാത്ത പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച ഇച്ഛാശക്തിയുള്ള സമൂഹമാണ് നമ്മള്‍. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികളെയും നാം മറികടന്നുകൊണ്ടിരിക്കുകയാണ്.
സര്‍ക്കാരിന്റെ എല്ലാ നേട്ടങ്ങളാകെ എണ്ണിപ്പറയാനുള്ള സന്ദര്‍ഭമായി ഇതിനെ കാണുന്നില്ല. മാറ്റങ്ങള്‍ പ്രകടമാണ്. അത് ഇന്നാട്ടിലെ ജനങ്ങള്‍ സ്വജീവിതത്തില്‍ അനുഭവിക്കുകയാണ്. കഴിഞ്ഞമാസം 21 മുതല്‍ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം നടക്കുന്നു. എല്ലാ ജില്ലകളിലും വലിയ ജനപങ്കാളിത്തമാണ് വാര്‍ഷിക പരിപാടികളില്‍ ഉണ്ടാകുന്നത്. ജില്ലാതല പ്രഭാത യോഗങ്ങളും സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതികളുടെ അവലോകനവും ഇതോടൊപ്പം നടക്കുന്നുണ്ട്. വ്യത്യസ്ത മേഖലകളിലുള്ളവരുടെ സംസ്ഥാനതലയോഗങ്ങളും തുടരുന്നു. എല്ലാറ്റിലും മികച്ച പങ്കാളിത്തം മാത്രമല്ല, പുതിയ കേരളം എങ്ങനെ ആകണം എന്നതിനെക്കുറിച്ചുള്ള ക്രിയാത്മകമായ ചര്‍ച്ചകളും അഭിപ്രായങ്ങളും ഉയരുന്നുണ്ട്. സര്‍വ്വ മേഖലകളില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്ന പിന്തുണയാണ് ഈ പരിപാടികളിലാകെ ദൃശ്യമാകുന്നത്.
കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ ഈ ഘട്ടത്തില്‍ അപ്രത്യക്ഷമായി. ഈ സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നു വെല്ലുവിളിച്ചവര്‍ നിശബ്ദരായി. ലോകഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാക്കി. തറക്കല്ലിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെങ്കിലും പദ്ധതിയുടെ നിര്‍മ്മാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലം മുതലാണ്.