അമ്പല കള്ളന്മാർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്’; ശക്തമായ നടപടിയെടുക്കണമെന്ന് കെ രാധാകൃഷ്ണന്‍ എംപി

അമ്പല കള്ളന്മാർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്ന് മുന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ എംപി. താന്‍ ദേവസ്വം മന്ത്രിയായിരുന്ന സമയത്തും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നുവെന്നും എല്ലാം ഇപ്പോള്‍ പരസ്യമായി പറയാനാകില്ലെന്നും രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഒരു മറ മാത്രമാണെന്നും ക്രമക്കേടുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. കൃത്യമായ രീതിയില്‍ അന്വേഷണം നടക്കണം. തെറ്റായ രീതികളെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്നാണ് വിശ്വാസമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കുനേരെ ഷൂ എറിഞ്ഞ സംഭവത്തിലും രാധാകൃഷ്ണൻ എംപി പ്രതികരിച്ചു. ചീഫ് ജസ്റ്റിസിനെ ചെരിപ്പെറിയുക എന്ന സന്ദേശം രാജ്യത്ത് കൊണ്ടുവരികയാണെന്നും ചിലരുടെ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഇത് നടന്നിട്ടുണ്ടാവുകയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ‘ഗാന്ധിജിയെ വെടിവെച്ച് കൊന്നത് ഗോഡ്‌സെ ആണെങ്കിലും നിര്‍ദേശം വന്നത് എവിടെ നിന്നെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. വിഷയത്തില്‍ ശക്തമായ പ്രതിഷേധമുയരണം’: കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
2019ൽ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയതിൽ ഉദ്യോഗസ്ഥര്‍ക്ക് പങ്ക്; നിര്‍ദേശം നല്‍കിയത് അഡ്മിനിസ്ടേറ്റീവ് ഓഫീസർ
അതേസമയം, ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ആര്‍ രാജേന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചത്. സ്വര്‍ണം ഉള്‍പ്പെടെയുളള ക്ഷേത്ര സ്വത്ത് സംരക്ഷിക്കാന്‍ മാര്‍ഗനിർദ്ദേശങ്ങൾ നല്‍കണം, സ്വത്ത് വിശദാംശങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കണം, കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് വിജിലൻസ്. 2019 ലെ മഹസറിൽ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നെഴുതിയതില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് ഇതിന് നിര്‍ദേശം നല്‍കിയതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിൽ പറയുന്നു.
2024 ല്‍ നവീകരിക്കാനായി വീണ്ടും സ്വര്‍ണപ്പാളികൾ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കണമെന്ന് അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു ആവശ്യപ്പെട്ടതായും അന്വേഷണം സംഘം കണ്ടെത്തി. എന്നാല്‍ അന്ന് മുരാരി ബാബുവിന്റെ കത്ത് ദേവസ്വം ബോര്‍ഡ് തള്ളുകയായിരുന്നു.1998-99 ല്‍ ദ്വാരപാലക ശില്‍പ്പത്തില്‍ സ്വര്‍ണം പൊതിഞ്ഞതും പിന്നീട് തൂക്കം കുറഞ്ഞത് സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ അറിവുണ്ടെന്ന് വ്യക്തമാണെന്നും ഒന്നരക്കിലോഗ്രാമില്‍ കുറയാതെ തൂക്കത്തില്‍ സ്വര്‍ണം പൊതിഞ്ഞതിനെപ്പറ്റി ഒന്നും പരാമര്‍ശിക്കാതെ, മഹ്‌സറില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചെമ്പുപാളികള്‍ എന്ന് വിശദീകരിക്കുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.