
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജിയില്‍ സസ്‌പെന്‍സ് തുടരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പത്തനംതിട്ടയിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനം അവസാന നിമിഷം റദ്ദാക്കി. ഈ വിഷയത്തില്‍ ഒരുവിശദീകരണം വേണ്ടതില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് വാര്‍ത്താ സമ്മേളനം റദ്ദാക്കിയതെന്നാണ് അറിയാന്‍ കഴിയുന്നത്. ലൈംഗികാധിക്ഷേപ ആരോപണത്തില്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്ന് പറഞ്ഞ് മാധ്യമങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആരോപണവിധേയനായ രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരരുതെന്ന് പ്രതിപക്ഷനേതാവ് ഉള്‍പ്പെടയുള്ളവര്‍ കടുത്ത നിലപാട് എടുത്തതോടെ വാര്‍ത്താ സമ്മേളനത്തില്‍ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍
എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവൃത്തിയും താന്‍ ചെയ്തിട്ടില്ലെന്നു രാഹുല്‍ ആവര്‍ത്തിച്ചു. പാർട്ടിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതിച്ഛായ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാഹുലിനെ എം എൽ എ സ്ഥാനം രാജിവെപ്പിക്കാൻ വി ഡി സതീശൻ നീക്കം നടത്തുമ്പോൾ അനുവദിക്കുന്നില്ല എന്നുള്ള പരസ്യ പ്രസ്താവനയാണ് ഇന്ന് കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് കൂടിയായ ഷാഫി പറമ്പിലിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി പറയാറുള്ള ഷാഫി പറമ്പിൽ പക്ഷേ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത് കാണാമായിരുന്നു.
രാഹുലും താനും തമ്മിലുള്ള കൂട്ടുകെട്ട് പാർട്ടിയുടെ പ്രതിച്ഛായയേക്കാൾ വലുതാണ് എന്ന സൂചന നൽകാനാണ് ഷാഫി ശ്രമിച്ചത്. ഒരു ഗൗരവമുള്ള വിഷയമാണ് നടന്നത് എന്ന് പോലും അംഗീകരിക്കാൻ ഷാഫി മടികാട്ടുന്നതും കാണാമായിരുന്നു. രാജിയുടെ ചോദ്യം ഉദിക്കുന്നില്ല എന്നാണ് രാഹുൽ മങ്കൂട്ടത്തിൽ അറിയിക്കുന്നത്. അങ്ങനെ രാജിവെക്കാൻ ഒരുക്കമല്ല എന്ന് രാഹുൽ നിലപാടെടുക്കുന്നത് ഷാഫിയുടെ കൂടി പിന്തുണയുടെ ബലത്തിലാണെന്ന് സാരം. ഇക്കാര്യത്തിൽ കേന്ദ്ര നേതാക്കൾ തന്ത്രപരമായ സമീപനം സ്വീകരിക്കുമ്പോൾ ദീപ ദാസ് മുൻഷി ഇനി നടപടികൾ ഉണ്ടാകില്ല എന്ന സൂചനയാണ് നൽകുന്നത്.