KeralaNews

ശ്രീചിത്രയില്‍ ശസ്ത്രക്രിയ മുടക്കം; രണ്ടുദിവസത്തിനകം നടപടി; പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് സുരേഷ് ഗോപി

ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലം ശസ്ത്രക്രിയകള്‍ മുടങ്ങിയ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ പ്രശ്നം രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി . ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കുമെന്നും രണ്ടു ദിവസത്തിനകം ശസ്ത്രക്രിയ പുനരാരംഭിക്കാനാകുമെന്നും സുരേഷ് ഗോപി അറിയിച്ചു.

നിലവിലെ സാഹചര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസിലും വിവരം കൈമാറുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശ്രീചിത്രയില്‍ എത്തിയ കേന്ദ്രമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തരയോഗം വിളിച്ചിരുന്നു. ശ്രീചിത്ര ഡയറക്ടര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

ശ്രീചിത്രയില്‍ ഇന്നു നടക്കേണ്ട 5 അടിയന്തര ഇന്റര്‍വെന്‍ഷനല്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. 2 രോഗസ്ഥിരീകരണ പരിശോധനകളും ഉപേക്ഷിച്ചു. തലച്ചോറിലെ ഹമാന്‍ജ്യോമ ട്യൂമര്‍, തലയിലെ രക്തക്കുഴലുകള്‍ വീര്‍ക്കുന്ന രോഗമായ അനൂറിസം, പിത്താശയ കാന്‍സര്‍, കരളിലെ കാന്‍സറിനെ തുടര്‍ന്നു രക്തം ഛര്‍ദിക്കല്‍ എന്നിവ സംബന്ധിച്ചാണ് രോഗികള്‍ക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. പുതിയ തീയതി അറിയിച്ചിട്ടില്ല. ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ മാനേജ്മെന്റ് തയാറാകാത്ത സാഹചര്യത്തില്‍ നാളെ നടക്കേണ്ട ശസ്ത്രക്രിയകളും മാറ്റിവയ്ക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button