KeralaNews

പി ജെ കുര്യനെ തള്ളാതെ സണ്ണി ജോസഫ്; അദ്ദേഹം ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണമാണ് പ്രതികരണം

യൂത്ത് കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെ തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ‘കുര്യന്‍ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണമാണ്. പാര്‍ട്ടി കൂടുതല്‍ ശക്തമാകണമെന്ന്സീനിയര്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. ശക്തമായ സമരവുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ പൊലീസിന്റെ അക്രമങ്ങള്‍ നേരിട്ടാണ് മുന്നോട്ട് പോവുന്നത്. ഈ പ്രതിസന്ധികളിലും സമര പരിപാടികള്‍ ശക്തമാണ്’. സണ്ണിജോസഫ് പറഞ്ഞു.

അതേസമയം ഗുരുപൂര്‍ണിമാഘോഷത്തിന്റെ പേരില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. അധ്യാപകരെ ആദരിക്കണമെന്നും എന്നാല്‍ അത് ഈ രൂപത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് പാദപൂജ ചെയ്യിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം യൂത്ത് കോണ്‍ഗ്രസിനെതിരെ നടത്തിയ പരസ്യ വിമര്‍ശനത്തില്‍ പിജെ കുര്യന്‍ ഉറച്ച് നില്‍ക്കുകയാണ്. സദുദ്ദേശപരമായ നിര്‍ദേശമാണ് മുന്നോട്ട് വെച്ചതെന്നും പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളില്‍ ഒരിടത്തും യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റികളില്ലെന്നും പി ജെ കുര്യന്‍ വിശദീകരിച്ചു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അതുപറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ സിപിഐഎം ഗുണ്ടായിസം നേരിടണമെങ്കില്‍ ഓരോ പഞ്ചായത്തിലും ബൂത്തിലും നമുക്കും ചെറുപ്പക്കാര്‍ വേണം. സമരത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണം എന്നും പി ജെ കുര്യന്‍ വ്യക്തമാക്കി. അഭിപ്രായം പാര്‍ട്ടിക്ക് വേണ്ടി പറഞ്ഞതാണെന്നും അതില്‍ ദോഷം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. കൂട്ടത്തില്‍ എസ്എഫ്ഐയെ പരാമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അതില്‍ ദുരുദ്ദേശപരമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button