
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് സുന്ദരന്‍ കുന്നത്തുള്ളിക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഡിസിസി ജില്ലാ പ്രസിഡന്റിന്റെ പേര് ഐഎന്‍ടിയുസി പരിപാടിയുടെ നോട്ടീസില്‍ വച്ചില്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിപാടിയില്‍ പങ്കെടുക്കാതെ തിരിച്ചു പോയെന്ന് ആക്ഷേപം ഉന്നയിച്ചതിനാണ് സുന്ദരന്‍ കുന്നത്തുള്ളിയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ഐഎന്‍ടിയുസിയുടെ വേദിയില്‍ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. നോട്ടീസില്‍ തന്റെ പേര് വയ്ക്കാത്തതുകൊണ്ട് സതീശനെ പരിപാടിയില്‍ നിന്ന് വിലക്കി പറഞ്ഞയക്കുകയായിരുന്നു എന്നാണ് സുന്ദരന്‍ കുന്നത്തുള്ളി വേദിയില്‍ തുറന്നടിച്ചത്. ഇത്തരം നേതാക്കള്‍ പാര്‍ട്ടിയെ എവിടെ കൊണ്ടെത്തിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ആഗസ്റ്റ് 14ന് ടൗണ്‍ഹാളില്‍ നടന്ന പരിപാടിയിലാണ് സുന്ദരന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ സുന്ദരന്‍ കുന്നത്തുള്ളിയുടെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആണ് വിശദീകരണം ആവശ്യപ്പെട്ടത്. അഞ്ചു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.