
മോദി ട്രംപിന് കീഴടങ്ങി എന്ന രാഹുലിന്റെ പരാമർശം തള്ളി ശശി തരൂർ. ഭോപ്പാലില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച ‘സംഗതന്‍ ശ്രജന്‍ അഭിയാന്‍’ എന്ന പരിപാടിയുടെ ഭാഗമായി സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. പാകിസ്ഥാനെതിരായ വെടി നിര്‍ത്തലിന് ഇന്ത്യ തയാറായത് അമേരിക്കയുടെ ഇടപെടല്‍ കാരണമാണെന്ന ട്രംപിന്റെ പ്രസ്താവന അടിസ്ഥാനമാക്കിയാണ് രാഹുലിന്റെ പരാമര്‍ശം.
വെടിനിർത്തലിന് ഇന്ത്യയ്ക്ക് ആരുടെയും പ്രേരണ ആവശ്യമായിരുന്നില്ല. ആരോടും മധ്യസ്ഥത വഹിക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശത്തെ തള്ളി ശശിതരൂര്‍ പറഞ്ഞത്. പാകിസ്ഥാൻ എപ്പോള്‍ വെടിനിര്‍ത്തുമോ അപ്പോള്‍ നിർത്താൻ ഇന്ത്യയും തയ്യാറായിരുന്നു. പാകിസ്ഥാൻ്റെ അതേ ഭാഷയിൽ മറുപടി നൽകാൻ ഇന്ത്യക്ക് പ്രയാസമില്ലെന്നും ശശിതരൂർ പറഞ്ഞു.
ഭീകരവാദത്തിന്റെ ഭാഷ പാകിസ്ഥാൻ ഉപയോഗിക്കുന്ന അത്രയും കാലം ഇന്ത്യ സൈന്യത്തിൻ്റെ ശക്തി ഉപയോഗിക്കുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ഇതിന് മറ്റാരുടെയും മധ്യസ്ഥത ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.