KeralaNews

‘യൂത്ത് കോണ്‍ഗ്രസ് എല്ലാകാലത്തും സ്വതന്ത്ര്യ അഭിപ്രായം പറയാറുണ്ട്’; രാഹുലിനെ പിന്തുണച്ച് ഷാഫി പറമ്പില്‍

കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി വടകര എംപി ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് എല്ലാ കാലത്തും സ്വതന്ത്ര്യ അഭിപ്രായം പറയാറുണ്ടെന്നും അത് പാര്‍ട്ടിക്ക് നല്ലത് എന്ന സ്പിരിറ്റില്‍ കോണ്‍ഗ്രസ് എടുക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അധ്യക്ഷ പദവിയില്‍ പാര്‍ട്ടി ഉചിതമായ രീതിയില്‍ ഉചിതമായ സമയത്ത് കൈക്കൊളളുമെന്നും ഇക്കാര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഷാഫി പറഞ്ഞു. വിഷയത്തില്‍ സഭ ഇടപെട്ടു എന്ന തരത്തിലുളള പ്രചാരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ രൂക്ഷവിമര്‍ശനമുന്നയിച്ചത്. പുനസംഘടനയുമായി ബന്ധപ്പെട്ട് എന്തിനാണ് ഇത്രയും അനിശ്ചിതത്വമെന്നാണ് രാഹുല്‍ ചോദിച്ചത്. ഹൈക്കമാന്‍ഡ് ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. അല്ലെങ്കില്‍ അത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യത്തെ ബാധിക്കും. അവര്‍ തുടരുകയാണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണം

വരാന്‍ പോകുന്നത് അങ്കണവാടി തെരഞ്ഞെടുപ്പല്ല പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് എന്ന ബോധ്യം വേണം. ആ തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട സമയത്ത് പ്രസ്ഥാനം ഇത്തരം ചര്‍ച്ചകളുടെ പിറകേ പോകുന്നത് സാധാരണ പ്രവര്‍ത്തകന്റെ ആത്മവീര്യം തകര്‍ക്കും’-എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. മുതിര്‍ന്ന നേതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്തത്തോടു കൂടി പെരുമാറണമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button